Sunday 24 July, 2011

അബ്ദുറഹിമാന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ (ഭാഗം ഒന്ന്)

 സുഹൃത്തുക്കളെ നിങ്ങള്‍ക്ക് അടുത്തുള്ള ടൌണില്‍ പോയിവരാന്‍ വണ്ടിക്കൂലി കഴിഞ്ഞു എത്ര രൂപ കൈവശം ഉണ്ടാവണം?നൂറ്..ഇരുന്നൂറ്..അഞ്ഞൂറ്..വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും..അല്ലെ?ഒരു കോഴിക്കോട്ടുകാരന് എറണാകുളം വരെ പോയിവരണമെങ്കില്‍ പോക്കറ്റില്‍ ആയിരം രൂപ ഉണ്ടായാലും മനസ്സമാധാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല!എന്നാല്‍ വെറും നൂറ് രൂപ(ഇന്ത്യന്‍ മണി)മാത്രം കൈ വശമുള്ള ഒരാള്‍ ദുബായ്‌ എയര്‍പോട്ടില്‍ ചെന്നിറങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും അത് നുണയാണ് എന്ന്.അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കും..പക്ഷെ  സത്യമാണ്!!!
    പറഞ്ഞു വരുന്നത് അബ്ദുറഹിമാനെ പറ്റിയാണ്.എല്ലാം കൊണ്ടും വളരെ സവിശേഷമായ ഒരു വ്യക്തിത്വത്തിനുടമയാണ് എന്‍റെ ഈ പ്രിയ സുഹൃത്ത്.തന്‍റെ സംഭവ ബഹുലമായ ജീവിതത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം അവന്‍ നടത്തുന്നത്  സ്കൂള്‍ കാലയളവിലാണ്.(രേഖപ്പെടുത്തിയ ചരിത്രം മാത്രമാണ് ഞാന്‍ പറയുന്നത് കേട്ടോ )സ്കൂളില്‍ വെച്ച് കഥകളൊക്കെ എഴുതി സമ്മാനങ്ങള്‍ തുടര്‍ച്ചയായി നേടി വന്നപ്പോഴാണ് കഥാനായകന് തന്‍റെ പേരിന് അത്ര ഗമ പോരെന്നു തോന്നിയത്.അങ്ങിനെ ഒരു സുപ്രഭാതത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ടിയാന്‍ വി.ടി.എ.റഹ്മാന്‍ എന്ന തൂലികാ നാമം സ്വീകരിച്ചു.(അബ്ദുറഹ്മാന്‍റെ അന്നത്തെ ആരാധ്യ നായകന്‍ മീശ മുളക്കാത്ത പഴയ റഹ്മാന്‍ ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ!)
    എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങി സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ നേടിയ അവന്‍ അഞ്ചാറു മാസങ്ങള്‍ കൊണ്ട് പഠനം നിര്‍ത്തുന്നതോടെ അടുത്ത പരീക്ഷണം തുടങ്ങുകയായി...
  പഠനത്തില്‍ വിരക്തി തോന്നിയ കഥാനായകന്‍ ഒരു നോവലെഴുത്ത് ആരംഭിച്ചു...രചനയുടെ വല്മീകത്തില്‍ ഒളിച്ച റഹ്മാനെ ആയിടയ്ക്കൊന്നും കാണാറുണ്ടായിരുന്നില്ല..ഒരുദിവസം നോവലിസ്റ്റ് തന്‍റെ നോവലിന്‍റെ കുറെ അധ്യായങ്ങളുമായി ഞങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷനായി!പൈങ്കിളി ആയിരുന്നു സംഭവം...പക്ഷെ എപ്പോഴുമെന്ന പോലെ അവന്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നു!മനോരമയോ മംഗളമോ ആ നോവല്‍ പ്രസിദ്ധീകരിക്കും എന്നവന്‍ ഉറപ്പിച്ചു പറഞ്ഞു.താമസിയാതെ കോട്ടയം പോയ അവന്‍ മടങ്ങി വന്നത് തന്‍റെ നോവലില്‍ ചില തിരുത്തുകള്‍ വേണമെന്ന് പത്രാധിപര്‍ പറഞ്ഞു..പ്രസിദ്ധീകരിക്കാം എന്ന ഉറപ്പും കിട്ടി  എന്ന വാര്‍ത്തയുമായാണ്.അഞ്ഞൂറോളം പേജുകള്‍ തിരുത്തിയെഴുതാനുള്ള ബുദ്ധിമുട്ടൊന്നും അവനു ഒരു പ്രശ്നമായിരുന്നില്ല..
  പക്ഷെ നോവല്‍ തിരുത്തുന്നതിനു മുന്‍പ് തന്നെ കഥാനായകന്‍ ഗള്‍ഫില്‍ പോവുകയാണ് ചെയ്തത്!അങ്ങിനെ അബ്ദുറഹിമാന്‍റെ പരീക്ഷണങ്ങള്‍ അവസാനിച്ചു എന്ന് കരുതിയ നാട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് അവന്‍ അവിടെ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മടങ്ങിയെത്തി!
  ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാന്‍ തന്നെ കിട്ടില്ല..വ്യക്തിത്വം ആര്‍ക്കും അടിയറ വെക്കാനുല്ലതല്ല  എന്നതായിരുന്നു കാരണമായി അവന്‍ പറഞ്ഞത്.


         ആളുകള്‍ ഞെട്ടാന്‍ പോവുന്നതെ ഉണ്ടായിരുന്നുള്ളൂ..!


   ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമായ നരിക്കുനിയില്‍ ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് കോളേജ് അബ്ദുറഹ്മാന്‍ തുടങ്ങി എന്ന വാര്‍ത്തയാണ് ആളുകളെ ആദ്യം ഞെട്ടിച്ചത്.ഏവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് സ്ഥാപനം വന്‍ വിജയമായി മുന്നോട്ടു നീങ്ങി!വെറും എസ്.എസ്.എല്‍.സി ക്കാരനായ അബ്ദുറഹ്മാന് മുന്നില്‍ പഠിതാക്കളായി എം.എ ക്കാരും എം.എസ്.സി ക്കാരും നിന്ന്.അങ്ങിനെ വി.ടി.എ.റഹ്മാന്‍ 'റഹ്മാന്‍ സാര്‍' ആയി!(അനുഭവം കൊണ്ട് ഇംഗ്ലീഷില്‍ അബ്ദുറഹ്മാന്‍ പ്രാഗല്‍ഭ്യം നേടിയിരുന്നു എന്ന സത്യം ഞങ്ങള്‍ വൈകിയാണ് തിരിച്ചറിഞ്ഞത്..)
  കല്യാണം കഴിഞ്ഞതോടെ കോളേജ് റഹ്മാന്‍ അടച്ചു പൂട്ടി..നിറയെ പഠിതാക്കളുണ്ടായിരുന്നെങ്കിലും തന്‍റെ മേഖല അതൊന്നുമല്ല എന്നവന്‍ വീണ്ടും തിരിച്ചറിഞ്ഞു!!പിന്നീട് ഒരു ഫ്ലക്സ്‌ പ്രിന്റിംഗ് സ്ഥാപനത്തിന്‍റെ എം.ഡി യായാണ് റഹ്മാനെ ഞങ്ങള്‍ കാണുന്നത്..ഇതിനിടയില്‍ തന്നെ eyes of charity എന്ന ഒരു സംഘടനയും അവന്‍ തുടങ്ങിയിരുന്നു.ഫ്ലക്സ്‌ പ്രിന്‍റിംഗ് സ്ഥാപനത്തിന്റെ മേധാവി എന്ന പദവി അവനെ പുതിയൊരാളാക്കി എന്ന് ഞങ്ങള്‍ക്ക് തോന്നി..കാരണം അവനെ ഭരിക്കാന്‍ ആരുമില്ലായിരുന്നു..അവന്‍ ആഗ്രഹിച്ചത്‌ പോലൊരു ജോലി.


പക്ഷേ  വീണ്ടും അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോവുന്നേ ഉണ്ടായിരുന്നുള്ളൂ!




   ജോലി രാജി വെച്ച് റഹ്മാന്‍ വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചു.മറ്റൊരു സുഹൃത്തായ ഫസലിക്കിനെ വിളിച്ച് റഹ്മാന്‍ പറഞ്ഞു.."എടാ ഞാന്‍ ദുബായിലേക്ക് വരികയാ..പിന്നേ..എന്‍റെ  കയ്യില്‍ പണമൊന്നുമില്ല..ഉള്ളത് ഞാന്‍ ടിക്കറ്റിനു കൊടുത്ത്..ഇനി ആകെ നൂറേ ഉള്ളൂ..നീ എയര്‍ പോട്ടില്‍ എന്നെ കൂട്ടാന്‍ വരണം"
ഫസലിക്ക് അവനോടു ധൈര്യമായി പൊന്നോളാന്‍ പറഞ്ഞെങ്കിലും നൂറു രൂപ മാത്രമേ കയ്യിലുള്ളൂ എന്നത് വിശ്വസിച്ചിരുന്നില്ല..
                                                                                                              (തുടരും..)