Thursday 3 February, 2011

അകാലത്തില്‍ പൊലിഞ്ഞ/പൊളിഞ്ഞ കലാലയം

   ല്ലാ നാട്ടിലുമെന്ന പോലെ ഒരുകാലത്ത്‌ തൊഴില്‍ രഹിതരായ വിദ്യാസമ്പന്നന്മാര്‍ എന്‍റെ നാട്ടിലും ഇന്നത്തെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നു.വൈകുന്നേരങ്ങളില്‍ കളിയും കഴിഞ്ഞു സൊറ പറഞ്ഞിരിക്കുമ്പോഴായിരുന്നു ചര്‍ച്ചകളെല്ലാം...പലരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും ഒരു താല്‍ക്കാലിക  ജോലി എങ്കിലും എങ്ങനെ തരപ്പെടുത്തും എന്നാ ആലോചിച്ചിരുന്നത് എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന കാലം.ഇന്നത്തെ അത്രയും ജോലി സാധ്യതകള്‍ 15 വര്‍ഷം മുമ്പ് ഇല്ലായിരുന്നു എന്നോര്‍ക്കണേ.
  അങ്ങിനെയിരിക്കെ അന്നും പതിവു പോലെ ചര്‍ച്ചകള്‍ മുറുകിയപ്പോഴാണ് യു.പി സ്കൂള്‍ അധ്യാപകനും നാടക സംവിധായകനുമായ വിനു ആ കൂട്ടത്തിലേക്ക് എത്തിയത്.അവന്‍ വളരെ നിസ്സാരമായി പറഞ്ഞു."ഇതാ വലിയ പ്രശ്നം!നമുക്കൊരു ട്യൂഷന്‍ സെന്‍റര്‍ തുടങ്ങാം.കുറെ കുട്ടികളെ ഞാന്‍ ക്യാന്‍വാസ്‌ ചെയ്തു തരാം." കൊള്ളാം എന്താ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത് എന്നായി ഞങ്ങള്‍.ഒന്നുമില്ലെങ്കിലും സിനിമ കാണാനുള്ള കാശെങ്കിലും കിട്ടുമല്ലോ!
 എവിടെയാ ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുക.അതിനൊരു കെട്ടിടം വേണമല്ലോ?അതായി അടുത്ത ചിന്ത!അതിനും ഉടന്‍ വന്നു മറുപടി..."നമുക്ക് തല്‍ക്കാലം രവിയേട്ടന്‍റെ ഒഴിഞ്ഞു കിടക്കുന്ന കടയില്‍ തുടങ്ങാം.അതാണെങ്കില്‍ അങ്ങാടിയില്‍ നിന്ന് കുറച്ചു മാറിയുമാണല്ലോ" എല്ലാര്‍ക്കും സമ്മതം.
  അന്ന് ഞാന്‍,മുരളി(ബാങ്ക്ലൂരില്‍ വെച്ചുണ്ടായ ഒരു ആക്സിഡന്റില്‍ പിന്നീടവന്‍ ഞങ്ങളെ വിട്ടു പോയി),ഗിരീഷ്‌ തുടങ്ങിയവരെല്ലാം പല പല സ്വപ്നങ്ങളും കണ്ടാണ് ഉറങ്ങിയത്.(ശ്രീനിയും ലാലും കണ്ടപോലെത്തന്നെ ).നേരം പുലര്‍ന്നു ഞങ്ങള്‍ രാവിലെ പോയി രവിയെട്ടനെ കണ്ടു സംസാരിച്ചു..മൂപ്പര്‍ക്ക് പൂര്‍ണ സമ്മതം.വാടകയും വേണ്ട എന്ന് കേട്ടതോടെ ഞങ്ങള്‍ വെരി ഹാപ്പി!!ഒരു കണ്ടീഷന്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത് ..ചരിത്രം ട്യൂഷനെടുക്കുന്ന കാര്യം മൂപ്പരെ ഏല്പിക്കണം.(തൊട്ടടുത്ത ഹൈസ്കൂളിലെ ക്ലര്‍ക്ക്‌ ആണേ പുള്ളിക്കാരന്‍!)
 എല്ലാം സമ്മതിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.കടയില്‍ ചെന്ന് അവിടമൊക്കെ ശുചിയാക്കി..വേണ്ട ഒരുക്കങ്ങള്‍ നടത്തി..ബെഞ്ചും ഡസ്കും അയല്‍ നാട്ടിലെ ഒരു പൊളിഞ്ഞ പാരലല്‍ കോളേജില്‍ നിന്നും വാങ്ങി....തുടക്ക  ദിവസമായപ്പോഴേക്കും 7,8,9,10 ക്ലാസുകളിലെക്കായി എണ്‍പതോളം കുട്ടികളും പ്രവേശനം നേടിയിരുന്നു.ഓരോരുത്തരും പഠിപ്പിക്കേണ്ട വിഷയങ്ങള്‍ തീരുമാനിച്ചു...ഞാന്‍ ഇംഗ്ലീഷ്‌,മുരളി സയന്‍സ്,വിനുവും രവിയെട്ടനും എസ്.എസ്,മുരളിയുടെ സഹോദരി സുമ കണക്ക്...പ്രിന്‍സിപ്പാള്‍ പദവി ഞങ്ങള്‍ ഗിരീഷിനും നല്‍കി.ഫീസ്‌ 40 രൂപ പിരിക്കേണ്ടതും അവനെ തന്നെ ഏല്പിച്ചു.
  ദിവസങ്ങള്‍ കടന്നു പോയി...അഡ്മിഷന്‍ കൂടിക്കൂടി വന്നതോടെ അടുത്ത വര്‍ഷം ഇതൊരു കോളേജ്‌ ആക്കി ഉയര്‍ത്തണമെന്നും സംശയാലുക്കളായി മാറി നിന്ന ബാക്കി ചങ്ങാതിമാരെ കൂടി ഉള്‍പെടുത്തണം എന്നുമൊക്കെ ഞങ്ങള്‍ തീരുമാനിച്ചു.ശമ്പളം ഇപ്പൊളത്തെ പോലെ  ലാഭം വീതിക്കല്‍ തന്നെ മതി എന്നും തീരുമാനം ആയി.അപ്പോഴാണ്‌ പ്രിന്‍സിപ്പാള്‍ പറഞ്ഞത് "ഒരു നല്ല മേശയും കസേരയും എനിക്ക് വേണം.പാരന്റ്സ് വരുമ്പോള്‍ അവര്‍ക്കൊരു... ഇതില്ല" പരിഗണിക്കാം എന്ന ഉറപ്പിന്മേല്‍ ഇഷ്ടന്‍ അടങ്ങി.(ആ ശരീരം താങ്ങുന്ന കസേര വാങ്ങാന്‍ ആയിരം കുട്ടികളെങ്കിലും ചേര്‍ന്നാലേ മുതലാകൂ എന്ന് ഞങ്ങള്‍ പരസ്പരം പിറുപിറുത്തു).
 അങ്ങിനെയിരിക്കെയാണ് സമീപവാസികളായ ചില രക്ഷിതാക്കള്‍ 5,6 ക്ലാസ്സുകളില്‍ പഠിക്കുന്ന അവരുടെ മക്കളെ കണക്ക് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്നത്.ഞങ്ങള്‍ ആകെ കുടുങ്ങി..ഒന്നാമതായി ഉള്ള സമയം തന്നെ തികയാത്ത അവസ്ഥ.പിന്നെ സുമയൊഴികെ ആര്‍ക്കും ഹൈസ്കൂള്‍ ലെവലിനു താഴെ പഠിപ്പിക്കാന്‍ താല്പര്യമില്ല(ഇത്രയും കഴിവുള്ള ഞങ്ങളുടെ സേവനം വല്ല കോളേജ് പിള്ളേര്‍ക്കും അല്ലെ കിട്ടേണ്ടത് എന്ന അഹം ഭാവം!)അവസാനം പ്രിന്‍സിപ്പാള്‍ അവരെ പഠിപ്പിക്കാന്‍ തയ്യാറായി.  ആ കുട്ടികളാവട്ടെ പഠനത്തില്‍ യാതൊരു താല്പര്യവുമില്ലാത്തവരുമായിരുന്നു.രണ്ടും രണ്ടും കൂട്ടിയാല്‍ എത്രയാ എന്നാ ചോദ്യത്തിന് മൂന്ന് എന്ന് ഉത്തരം പറയുന്ന വിവേകശാലികള്‍!കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരുത്തന്‍ പ്രിന്‍സിപ്പാളിന്‍റെ തെറി വിളി സഹിക്കാനാവാതെയാവണം പഠനം നിര്‍ത്തി.
  ഒരു ദിവസം ഞാന്‍ ക്ലാസെടുത്തു കൊണ്ടിരിക്കയായിരുന്നു.പെട്ടെന്ന് ഒരലര്‍ച്ച കേട്ടു..ഓടിചെന്നപ്പോള്‍ കണ്ടത് കോപം കൊണ്ട് വിറക്കുന്ന പ്രിന്സിപ്പാളിനെയും പേടിച്ചു വിറക്കുന്ന ശിഷ്യനെയുമാണ്.എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ 
" ഈ പന്നീനെ ഞാനിന്നു കൊല്ലും..ഇവന്‍ വന്ന അന്ന് തുടങ്ങിയ പരിപാടിയാ .. സഹിക്കുന്നതിനും ഒരതിരില്ലേ..പോട്ടെ ..ഇപ്പൊ..ഒരു കണക്ക് കൊടുത്തതാ അത് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ചെയ്തു തീര്‍ന്നില്ല.."
  "സാരമില്ല..അവന്‍ ചെയ്തോളും..മാഷ്‌ ഒന്നൂടെ ക്ഷമിക്ക്" എന്നും പറഞ്ഞു ഞാന്‍ പ്രിന്‍സിപ്പാളിന്‍റെ കയ്യിലിരുന്ന വടി(വലിയൊരു മടലിന്‍റെ കഷണം!) വാങ്ങി ദൂരെയെറിഞ്ഞു.അപ്പോള്‍ വീണ്ടും പ്രിന്‍സിപ്പാള്‍ ചൂടായി ചെറുക്കന്‍റെ ഷര്‍ട്ടിനു പിടിച്ചിട്ടു പറയുകയാണ്‌..
  "നിങ്ങളെന്തറിഞ്ഞിട്ടാ ഈ പറയുന്നത്..ഞാന്‍ എത്ര ദിവസമായി ഇത് സഹിക്കുന്നു.."
  "സാരമില്ല മാഷേ ..നമ്മളൊക്കെ ഇങ്ങനെ തന്നെയല്ലായിരുന്നോ കുട്ടിക്കാലത്ത്.."ഞാന്‍ തണുപ്പിക്കാന്‍ ശ്രമിക്കും തോറും മാഷ്‌ കത്തിക്കയറുകയാണ്..
  "എന്നാ നിങ്ങള് തന്നെ പഠിപ്പിച്ചോ..എന്നെക്കൊണ്ട് പറ്റില്ല...അതും പോരാത്തതിന് ..വന്ന ദിവസം ഞാനിവനോട് അഞ്ചും അഞ്ചും കൂട്ടിയാല്‍ എത്രയാ എന്ന് ചോദിച്ചാല്‍ 'ഒന്‍പത്' എന്നായിരുന്നു ഉത്തരം.ഇപ്പൊ പറയുകയാ അഞ്ചാണെന്ന്."
  "അതവന്‍ മറന്നതായിരിക്കും ..ചെറിയ കുട്ടിയല്ലേ.."
 "അതല്ല മാഷേ ...അതൊക്കെ ഞാന്‍ സഹിച്ചു.ഈ 'ചെറിയ കുട്ടി' വിടുന്ന ദുര്‍ഗന്ധമുള്ള ഗ്യാസാ എനിക്ക് സഹിക്കാത്തത്!!!..ഈ പന്നി വന്ന ദിവസം മുതല്‍ തുടങ്ങിയ പരിപാടിയാ!..40 രൂപ കിട്ടുമെന്ന് കരുതി എത്രയാ മനുഷ്യന്‍ ഈ നാറ്റം  സഹിക്കുക?"
  മറുപടി കേള്‍ക്കേണ്ട താമസം ഞാനവിടെ നിന്നും കൂളായി മുങ്ങി എന്ന് പറയേണ്ടതില്ലല്ലോ?
            ഞങ്ങളുടെ സംരംഭം വിജയകരമായ ദിവസങ്ങള്‍ പിന്നിട്ടു കൊണ്ടിരുന്നു.ദിവസവും ചായ കിട്ടുമെന്നല്ലാതെ പ്രതിഫലമൊന്നും ആര്‍ക്കും ലഭിച്ചിരുന്നില്ല.ചോദിക്കുമ്പോള്‍ പ്രിസിപ്പാള്‍ പറയും മുഴുവന്‍ ഫീസ്‌ കിട്ടട്ടെ അപ്പോള്‍ തരാമെന്ന്.എന്തായാലും മൂപ്പരുടെ തടി കൂടി വരുന്നുണ്ടായിരുന്നു.
  അങ്ങിനെയിരിക്കെ കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങി.അതു കാരണം ട്യൂഷന്‍ രണ്ടാഴ്ചയ്ക്ക് ഞങ്ങള്‍ നിര്‍ത്തി വെച്ചു.അതു കഴിഞ്ഞുള്ള ശനിയാഴ്ച നിര്‍ബന്ധമായും വരണമെന്ന് ഞങ്ങള്‍ പറയുകയും ചെയ്തു.സ്കൂളില്‍ നിന്ന് വിനുവും രവിയേട്ടനും കുട്ടികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
  അങ്ങിനെ ശനിയാഴ്ച വന്നെത്തി.എല്ലാ ദിവസവുമെന്ന പോലെ 9 മണിക്കുള്ള ക്ലാസ്സിന് ഞങ്ങള്‍ അധ്യാപകര്‍ ഓരോരുത്തരായി 9.30 ആവുമ്പോഴേക്കും എത്തിച്ചേര്‍ന്നു.ചെന്നപ്പോള്‍ ആകെ പത്തില്‍ താഴെ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ.ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ വരാത്തതിനെപറ്റി അവര്‍ക്കൊന്നുമറിയില്ല.പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളൂ,പിറ്റേന്ന് വരുമായിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.
  പിറ്റേന്നും 9.30 ആയപ്പോഴാണ് ഞങ്ങളെല്ലാവരും എത്തിയത്..പക്ഷെ ഒരൊറ്റ കുട്ടിയെ പോലും അവിടെ കാണാനുണ്ടായിരുന്നില്ല.കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങള്‍ തിരിച്ചു പോന്നു.അടുത്ത ദിവസങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ.എത്ര തല പുകഞ്ഞാലോചിച്ചിട്ടും എന്താണിതിനു കാരണം എന്ന് മാത്രം ഞങ്ങള്‍ക്ക് മനസ്സിലായില്ല.
 ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും ഞങ്ങള്‍ ട്യൂഷന്‍ ക്ലാസ്സില്‍ പോകും അവിടം അടിച്ചുവാരി തിരിച്ചു പോരും.അങ്ങിനെ ഒരു ദിവസം അവിടമൊക്കെ ചിതല് തട്ടി നടക്കുമ്പോഴാണ് ഒരു ചുമരെഴുത്ത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.
  'ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ട്യൂഷന്‍ ഉണ്ടായിരിക്കുന്നതല്ല-പ്രിന്‍സിപ്പാള്‍ ' 
 ഇതു വായിച്ച പ്രിന്‍സിപ്പാള്‍ ബോധം കെട്ടില്ല എന്നേ ഉള്ളൂ.പുള്ളീടെ ഒരു താല്‍ക്കാലിക വരുമാനമായിരുന്നല്ലോ ഈ ട്യൂഷന്‍ ക്ലാസ്..അതോട് കൂടെ ഞങ്ങളുടെ ഒരു സ്വപ്നം അകാലത്തില്‍ അസ്തമിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ!!!
(വാല്‍ക്കഷണം -ഈയെഴുത്ത് എഴുതിയത് ആരാണെന്നുള്ള അന്വേഷണം എത്തി നിന്നത് ഈ ട്യൂഷന്‍ കാര്യത്തിലൊന്നും താല്പര്യമില്ലാത്ത ഞങ്ങളുടെ രണ്ടു സുഹൃത്തുക്കളിലാണ്!!!എത്ര മനോഹരമായ പാര അല്ലെ..)