Thursday, 13 January, 2011

സ്കൂള്‍ കലോല്‍സവവും ചില 'നാടക' ചിന്തകളും

  ലപ്പോഴുംഅധ്യാപകരെ സംബന്ധിച്ചിടത്തോളം ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്നവയാണ് കലോത്സവങ്ങള്‍.കാരണം കുറച്ചു പേരെങ്കിലും പഠനകാലത്ത്‌ അത്തരം പരിപാടികളില്‍ പങ്കെടുത്തവരും അതിന്‍റെ വീറും വാശിയും അനുഭവിച്ചറിഞ്ഞവരും ആയിരിക്കും എന്നതുതന്നെ.
  ഈയുള്ളവനും അത്തരത്തിലൊരു പരാക്രമി (?) ആയിരുന്നെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...ആ ഓര്‍മകളുമായി ഇപ്പോള്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലെത്തിയ   വര്‍ഷം തന്നെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ ഒരു നാടകം സംവിധാനം ചെയ്യാന്‍ കബീര്‍ മാഷ്‌ എന്നെ ചുമതലപ്പെടുത്തി.അതിന് സബ് ജില്ലയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.പിന്നെ പല തവണയും ഇതാവര്‍ത്തിച്ചു പോന്നു.ഒരിക്കല്‍ ഒന്നാം സ്ഥാനം നേടി ഞങ്ങള്‍ ജില്ലയിലും പോയി.പലപ്പോഴും മികച്ച നടനെയും നടിയെയും സംഭാവന നല്‍കാന്‍ ഞങ്ങള്‍ക്ക്‌കഴിയുകയും ചെയ്തു.


  അതെല്ലാമവിടെ നില്‍ക്കട്ടെ ..
  ഈ വര്‍ഷത്തെ സബ് ജില്ലാ സ്കൂള്‍ കലോല്‍സവം ഞങ്ങളുടെ സ്കൂളിലായിരുന്നു നടന്നത്.അതിനാല്‍ത്തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരുപാട്‌ അലട്ടുന്നെങ്കിലും സ്കൂളില്‍ നിന്നും ഏതാണ്ടെല്ലാപരിപാടികള്‍ക്കും പങ്കെടുക്കാനും തീരുമാനമായി.അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ ഫണ്ടും കണ്ടെത്തി.
(എയ്ഡഡ് സ്‌കൂള്‍ ആണെങ്കിലും മാനേജര്‍ എന്ന സംഗതി ഞങ്ങള്‍ക്കില്ലാത്തതിനാല്‍ ദയവു ചെയ്തു അതേപറ്റി മാത്രം ചോദിക്കരുത്.)
സ്വാഭാവികമായും നാടകം സംവിധാനം ചെയ്യാനുള്ള ചുമതല ഈയുള്ളവന്‍റെ തലയിലായി.റിഹേര്‍സലുകള്‍ ധാരാളം നടത്തി...ദിവസങ്ങള്‍ കടന്നു പോയി..
 നാടകറിഹേര്‍സലിന്‍റെ തുടക്കത്തിലുണ്ടായിരുന്ന അഭിനയ പാടവവും അവതരണ മികവുമെല്ലാം അവസാന ദിനങ്ങളായപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നെങ്കിലും എ ഗ്രേഡ് ലഭിക്കും എന്ന കാര്യത്തില്‍ എനിക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല...നാടകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..പക്ഷെ എവിടെ തപ്പിയിട്ടും പിന്നണിയില്‍ വേണ്ട കര്‍ട്ടന്‍ മാത്രം കിട്ടിയില്ല.അവസാനം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ അത് നാട്ടില്‍ നിന്നും സംഘടിപ്പിച്ചു.ഒരു മരത്തിന്‍റെ കട്ടൗട്ട് വേണ്ടത് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഉപേക്ഷിച്ചു;പകരം അടുത്ത വീട്ടില്‍ നിന്നും ഒരു പൂമരം മുറിച്ചെടുക്കാംഎന്നും തീരുമാനിച്ചു.
  നാടകത്തിന്‍റെ ദിവസം വന്നെത്തി..മേക്കപ്പ്..വസ്ത്രാലങ്കാരം..തുടങ്ങിയവയെല്ലാം അധ്യാപികമാരുടെ സഹായത്തോടെ ചെയ്തു..അപ്പോഴേക്കും എന്നെ സഹായിക്കാന്‍ എന്‍റെ പൂര്‍വ്വ വിദ്യാര്‍ഥികളും നടന്മാരുമായ ബിലാലും അനീഷും തുടങ്ങി ഒരുപറ്റം ആളുകള്‍ ഉണ്ടായിരുന്നു.അന്നത്തെ തിരക്കുകള്‍ക്കിടയില്‍ ഇതെന്നെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്..ഒരു പക്ഷെ ഒരധ്യാപകന്‍റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ എന്നൊക്കെ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളെ ആവും അല്ലെ?
  ഉച്ചയ്ക്ക് മൂന്നു മണിയായപ്പോഴേക്കും നാടക ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനൌണ്‍സ്മെന്‍റ് മുഴങ്ങി..കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു..ലോട്ടെടുത്തു...ഞങ്ങള്‍ ആറാമത് ...അതായതു ഏറ്റവും അവസാനം.അതേതായാലും നന്നായി എന്നാ എനിക്കും കുട്ടികള്‍ക്കും തോന്നിയത്..അത് വരെ റിലാക്സ് ചെയ്യാമല്ലോ..
  പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞു മറിയാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.ഒന്നാമതായി ലോട്ട് കിട്ടിയ ടീമിന് ആദ്യം നാടകം അവതരിപ്പിക്കാന്‍ പറ്റില്ലത്രേ!അതിനവര്‍ പറഞ്ഞ കാരണം കുട്ടികള്‍ തയ്യാറായില്ല എന്നും.ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഞങ്ങളോട് ആദ്യം കയറാന്‍ അവര്‍ ആവശ്യപ്പെട്ടു.പക്ഷെ ഒരു കുട്ടി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു.പിന്നെ അവരുടെ ആവശ്യം ലോട്ട് മാറ്റി എടുക്കണം എന്നായി..മറ്റു ടീമുകള്‍ അതിനു സമ്മതിച്ചതുമില്ല...ഒരു പാട് സമയത്തിനു ശേഷം അവര്‍ തന്നെ കളിക്കാന്‍ തീരുമാനിച്ചു.
 പിന്നീടാണ് മനസ്സിലായത്‌ ഒന്നാമതായി പരിപാടി അവതരിപ്പിക്കുന്ന ടീമിന് സമ്മാനം കിട്ടില്ല എന്നൊരു വിശ്വാസം (?) ഉണ്ടത്രേ!!!
  അങ്ങിനെ നാടകം തുടങ്ങാറായി.അപ്പോഴാണ്‌ ഒരു വളണ്ടിയര്‍ ഓടി വന്നു പറഞ്ഞത് .."സാറേ,നിങ്ങളുമായി തര്‍ക്കിച്ച ആ മാഷില്ലേ അയാള്‍ ഫോണില്‍ നമ്മുടെ സ്കൂളിനെ പറ്റി മോശമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു"
അത് സാരമില്ല എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.."അല്ല സാറേ,എന്തോ കുഴപ്പമുണ്ട് ജഡ്ജസിനെയാ  അയാള്‍ വിളിച്ചതെന്ന് തോന്നുന്നു.അദ്ദേഹവും ഫോണില്‍ സംസാരിക്കുന്നത് കണ്ടു."
 അതൊക്കെ നിന്‍റെ തോന്നലായിരിക്കും എന്ന് പറഞ്ഞ് അവനെ വിട്ടെങ്കിലും ചെറിയൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്ക് ഇല്ലാതിരുന്നില്ല...
 നാടകങ്ങള്‍ തുടങ്ങി.ഓരോ നാടകവും കഴിയുമ്പോള്‍ അനീഷും ബിലാലും ഓടി വന്ന് അവയെക്കുറിച്ചുള്ള വിശകലനങ്ങള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.നാടകങ്ങള്‍ക്ക് നിലവാരം കുറവാണെന്നും ഒരുപാട് തെറ്റുകള്‍ ഉണ്ടെന്നും പറഞ്ഞപ്പോള്‍ എന്‍റെ അഭിനേതാക്കള്‍ക്ക് അത് വലിയ ആശ്വാസമായി.ഇടയ്ക്കിടെ ബിലാല്‍ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍  കയറിയ തനിക്ക് ബെസ്റ്റ്‌ ആക്ടര്‍ സമ്മാനം കിട്ടിയ ചരിത്രമൊക്കെ പറഞ്ഞു കുട്ടികളെ മോട്ടിവേറ്റ്‌ ചെയ്യുന്നുണ്ടായിരുന്നു.
  അങ്ങിനെ ഞങ്ങളുടെ ഊഴം വന്നെത്തി...സ്റ്റേജ് ഒരുക്കാനും മറ്റു ക്രമീകരണങ്ങള്‍ക്കുമൊക്കെ എന്‍റെ പഴയ കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ അധികം ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല. നാടകം തുടങ്ങി ..വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോയ്കൊണ്ടിരുന്നു.. നല്ല സംഭാഷണങ്ങള്‍ക്കും ,രംഗങ്ങള്‍ക്കും കാണികള്‍ നിര്‍ലോഭമായ കയ്യടി തന്നു.(മറ്റു സ്കൂളിലെ കുട്ടികളും അധ്യാപകരും ഈ കൂട്ടത്തിലുണ്ടായിരുന്നു എന്നോര്‍ക്കണേ).എതായാലും ഞങ്ങള്‍ എ ഗ്രേഡ്‌ ഉറപ്പിച്ചു.മറ്റുള്ള നാടകങ്ങള്‍ക്കില്ലാതിരുന്ന  പശ്ചാത്തല സംഗീതവും കുട്ടികള്‍ക്ക് പോലും ആസ്വദിക്കാന്‍ പറ്റിയ കഥയുമായിരുന്നു ഞങ്ങളുടെ നാടകത്തെ വേറിട്ട്‌ നിര്‍ത്തിയത്.
 വിധി പറയാന്‍ സമയമായി..തുടക്കത്തിലെ പ്രസംഗങ്ങള്‍ക്ക് ശേഷം ജഡ്ജസ് ഓരോ നാടകത്തിന്റെയും കുറവുകള്‍  പറയാന്‍ തുടങ്ങി..ഇത് ഞങ്ങളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തു.(ഇതിനിടക്ക്‌ എന്‍റെ സുഹൃത്തുക്കളായ മറ്റു സ്കൂളിലെ അധ്യാപകര്‍ വന്നു എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു)വിധി വന്നു ഒന്നാം സ്ഥാനമില്ല...മാത്രമല്ല സി ഗ്രേഡ്‌ ആണ് എന്ന് കേട്ടപ്പോള്‍ ഞാന്‍ മാത്രമല്ല എല്ലാരും ഒന്ന് അന്തം വിട്ടു!!!
(ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രം എ ഗ്രേഡ്‌!)
 അപ്പോഴേക്കും എന്‍റെ കുട്ടികള്‍ കരച്ചി.ല്‍ തുടങ്ങിയിരുന്നു..അവരെ ഒരു വിധം  സമാധാനിപ്പിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു ഫാത്തിമടീച്ചറും പ്രേമ ടീച്ചറും..
 "എന്താ മാഷേ ആണ്‍ കുട്ടിക്ക് ഗര്‍ഭമുണ്ടാവുമോ..?"അന്തം വിട്ടു നിന്ന എന്നോടവര്‍ വിശദീകരിച്ചു.ഒന്നാം സ്ഥാനം കിട്ടിയ നാടകത്തില്‍ ആണ്‍കുട്ടി ഗര്‍ഭണനാവുന്നുണ്ടത്രേ!!!അതും ഒരു മാഷ്‌ കാരണം!!!!
  "എവിടെ നോക്കിയാ ഇവരൊക്കെ മാര്‍ക്കിട്ടത്?ഇത് അധ്യാപക വര്‍ഗ്ഗത്തിന് തന്നെ നാണക്കേടാ..നമുക്കൊന്ന് ചോദിക്കണം.." ടീച്ചര്‍മാര്‍ നിന്ന് വിറക്കുകയാണ്.ഞാനവരെ സമാധാനിപ്പിച്ചു..
  "അത് മോഡേണ്‍ നാടകമായിരിക്കും.ആക്ഷേപ ഹാസ്യത്തില്‍ അങ്ങിനെയൊക്കെ കാണുമായിരിക്കും.മാത്രമല്ല നമ്മുടെ സ്കൂളിലല്ലേ പരിപാടി നടക്കുന്നത്.അപ്പൊ നമ്മള്‍ പ്രശ്നമുണ്ടാക്കാന്‍ പാടുണ്ടോ?"
 "അതങ്ങിനെ വിട്ടാലൊന്നും പറ്റില്ല.മാത്രമല്ല കുട്ടികളുടെ നാടകത്തില്‍ അവര്‍ മരിക്കുന്നത് കാട്ടാമോ?ദുരന്തങ്ങളില്‍ നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതല്ലേ വേണ്ടത്?"ചോദ്യം പ്രേമ ടീച്ചറുടെതാണ്.(രണ്ടു പേരുടെയും കുട്ടികള്‍ മികച്ച നടിക്കുള്ള അവാര്‍ഡ്‌ വാങ്ങിയവരും സംസ്ഥാന തലത്തില്‍ ധാരാളം നാടക മല്‍സരങ്ങളില്‍ പങ്കെടുത്തവരുമാണ്.)
  എങ്ങിനെയൊക്കെയോ രണ്ടു പേരേയും പറഞ്ഞു വിട്ടപ്പോള്‍ ദാ വരുന്നു മറ്റു സ്കൂളിലെ അധ്യാപകര്‍.."ഇതിലെന്തോ കളി നടന്നിട്ടുണ്ട് മാഷേ ..നിങ്ങള്‍ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടത്..ആദ്യം അവതരിപ്പിച്ച നാടകമായിരുന്നു ഏറ്റവും മോശം.എന്നിട്ടതിന് ബി ഗ്രേഡ്‌ കൊടുത്തിരിക്കുന്നു."
അവരെയും ഒരുവിധം പറഞ്ഞു വിട്ടു..ഏതായാലും എന്തൊക്കെയാ ഞങ്ങള്‍ക്ക് വന്ന പ്രശ്നങ്ങള്‍ എന്നൊന്നു ജഡ്ജസിനോട് ചോദിക്കാമെന്ന് കരുതി അവിടേക്ക് പോവുമ്പോള്‍ ദേ നില്‍ക്കുന്നു ഒരു പറ്റം നാട്ടുകാര്‍!
  "മാഷ്‌ ജഡ്ജസിനെ കാണാന്‍ പോവ്വാ ..ഞങ്ങളും വരുന്നു.ഇതങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?"
 ഒരു വിധം അവിടുന്ന് തടിയൂരി സ്കൂളില്‍ ചെന്നപ്പോഴേക്കും ജഡ്ജസ് അവര്‍ക്കുള്ള റൂമില്‍ എത്തിയിരുന്നു.ഞാന്‍ സഹപ്രവര്‍ത്തകനും ബാലുശ്ശേരിയിലെ പ്രസിദ്ധ നാടക രചയിതാവ്‌ എം.കെ .രവിവര്‍മ്മ മാഷിന്‍റെ മരുമകനും സര്‍വ്വോപരി ഒരു അഭിനേതാവുമായ പ്രവീണ്‍ വര്‍മ്മയെയും കൂട്ടി അവരുടെ അടുത്തെത്തി..കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ ഉരുണ്ടു കളി തുടങ്ങി.
  "നിങ്ങളുടെ നാടകത്തില്‍ കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധമായിരുന്നല്ലോ തീം.പക്ഷെ അത് കുറേക്കൂടി വിശദീകരിക്കേണ്ടിയിരുന്നു."
  "അപ്പൊ സാറെ ഇത് അര മണിക്കൂര്‍ കൊണ്ട് തീര്‍ക്കണ്ടേ?"എന്ന ചോദ്യത്തിന്  അതും ശരിയാ എന്നൊരു ഉരുളല്‍!കുറച്ചു കൂടി മോഡേണ്‍ ആവേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു മുന്‍ വര്‍ഷങ്ങളില്‍ മോഡേണ്‍ നാടകം കുട്ടികളോട് സംവദിക്കുന്നില്ലെന്ന ഒറ്റ കാരണം പറഞ്ഞു ഒന്നാം സ്ഥാനം നിഷേധിച്ച അനുഭവമായിരുന്നു ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
  അപ്പോഴാണ്‌ എവിടെ നിന്നോ ഞങ്ങളുടെ സഹപ്രവര്‍ത്തകനായ അനില്‍ മാഷ്‌ അവിടെയെത്തിയത്‌.(പരമ ശുദ്ധനാണെങ്കിലും ദേഷ്യം വന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ള കാര്യം പ്രസിദ്ധമാണ്)
 "ഞാനും നിങ്ങളെ കാണാന്‍ ഇരിക്കയായിരുന്നു.നിങ്ങള്‍ ഏതു വകുപ്പിലാ മാഷുംമാരെ കളിയാക്കിയ നാടകത്തിന് ഫസ്റ്റ്‌ കൊടുത്തത്?എങ്ങിനാ ചങ്ങാതിമാരെ ആണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാവുന്നത്?" കത്തിക്കയറിയ മാഷെ എങ്ങിനെയോ പറഞ്ഞയച്ച് ഞങ്ങളും താമസിയാതെ അവിടെ നിന്ന് പോന്നു.പോരുമ്പോള്‍ ഇത്രയും കൂടെ പറഞ്ഞു..
  "സാറെ ഞങ്ങളും കുറെ നാടകങ്ങള്‍ കാണുകയും അഭിനയിക്കുകയും അവതരിപ്പിക്കുകയും അതെ കുറിച്ച് കുറെയൊക്കെ മനസ്സിലാക്കുകയും ചെയ്തവരാണ് എന്ന കാര്യം ഒന്നോര്‍ക്കണം.നിങ്ങള്‍ പ്രൊഫഷണല്‍ ആണ് ഞങ്ങള്‍ അല്ല അത്രയെ ഉള്ളു"


  ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ഒന്നാമതായി നാടകം കളിക്കില്ല എന്ന് പറഞ്ഞ മാഷ്‌ നില്‍ക്കുന്നു.ജഡ്ജസ് എന്താ പറഞ്ഞത് എന്ന് ചോദിച്ച അദ്ദേഹത്തോട് ഞങ്ങളുടെ തെറ്റുകള്‍ പറഞ്ഞു തന്നു എന്ന് മറുപടി നല്‍കി."ഞങ്ങള്‍ക്കും പറഞ്ഞു തന്നു..നിങ്ങള്‍ക്ക് സി ഗ്രേഡ്‌ ആണല്ലേ ..ഞങ്ങള്‍ക്ക് ബി ഗ്രേഡ്‌ ആണ്"എന്നതിന്  "അത് നിങ്ങളുടെ  'നാടകം' കണ്ടപ്പോഴേ തോന്നി എന്ന് മറുപടിയും  നല്‍കി ഞാന്‍ ഇറങ്ങി നടന്നു......


   ഇനി നിങ്ങള്‍ തന്നെ പറ ആരുടെ നാടകത്തിനാ ഒന്നാം സമ്മാനം.......
   
    ജഡ്ജസിന്‍റെയോ  അധ്യാപകരുടെയോ  അതോ  പാവം  കുട്ടികളുടെയോ..????