Wednesday 3 August, 2011

ഒരു പക്ഷെ നിങ്ങള്‍ക്കും കഴിഞ്ഞേക്കും ഈ കുട്ടിയെ സഹായിക്കാന്‍..

തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ നൊമ്പരമുള്ളിലൊതുക്കി കഴിയാന്‍ വിധിക്കപ്പെട്ട ഈ കൊച്ചു മിടുക്കനെ സഹായിക്കാന്‍ നമുക്കും കൈ കോര്‍ക്കാം..


MASTER ANANTHU WANTS  TO LIVE

This is not a story, but the true, hard, struggling life of a boy, Ananthu, who is 15 years old now.
Ananthu
Ananthu

He has successfully completed his high school education, and seeking the admission for Higher Secondary Learning in the coming June 2011.
Although his mother tongue is Malayalam, he is a fluent English speaker and a keen learner, all his teachers are satisfied with his achievements.
He has many friends. One of his hobbies is playing on his guitar.

Ananthu is like any other boy of  his age in all aspects, except PHYSICAL GROWTHHe is only 139 cm heigh.

Achilles and Ananthu
Ananthu with his friend, Achilles, they are the same age

Thankful to modern Medicine, he could grow more, only  if  the parents were rich enough to pay for his treatment. And here starts his miserable present and future.

When Ananthu was 4 years old, he was bed ridden with a fatal disease namedCRANIOPHARINGYOMA and was consulted by an expert team of Doctors in the famousSree Chithra Thurunal Institute of Medical Science and Technology,Thiruvananthapuram, Kerala. This hospital is prestigieous in South India for advanced treatment.

His life was secured with a complicated major surgery, but resulted with the life long lost of his Pituitary Gland. It was obvious for the Medical science that he could not grow even an inch from inside.

He needed the costly Growth Hormone Treatment week after week and the parents could not afford it. They sold the precious landed properties they had for his cure but it was insufficient. The students, friends and many social workers made a campaign for him and collected considerable amount for him.
So he grew a little:

Ananthu

Ananthu is suffering from a lot of pchisical problems and mental strain resulted with his illness. Severe neck and shoulder pain and loss of vision are important among them. It is advised that if the costly Hormone treatment is not done at least in this age, then there is no use.

So the kind world can decide whether this young, brilliant boy should grow as an adult man or shrink as a dwarf. A massive friendly campaign can rejuvenate this unlucky boy.
Share this page
Share to Facebook Share to Twitter Share to MySpace Stumble It Share to Reddit Share to Delicious 


You can donate for Ananthu via Paypal, by sending money  to his  bank account or hisaddress.

1. Paypal

 

2. Bank account number:

BRANCH NO:SBTR0000821
SBT ACCOUNT NO:67152514709

3. Address

Mangaloly(H), PayyadithazhamPantheerankavu.P.OCalicut-673019



Check out this facebook page!
Make a Comment

Sunday 24 July, 2011

അബ്ദുറഹിമാന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ (ഭാഗം ഒന്ന്)

 സുഹൃത്തുക്കളെ നിങ്ങള്‍ക്ക് അടുത്തുള്ള ടൌണില്‍ പോയിവരാന്‍ വണ്ടിക്കൂലി കഴിഞ്ഞു എത്ര രൂപ കൈവശം ഉണ്ടാവണം?നൂറ്..ഇരുന്നൂറ്..അഞ്ഞൂറ്..വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും..അല്ലെ?ഒരു കോഴിക്കോട്ടുകാരന് എറണാകുളം വരെ പോയിവരണമെങ്കില്‍ പോക്കറ്റില്‍ ആയിരം രൂപ ഉണ്ടായാലും മനസ്സമാധാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല!എന്നാല്‍ വെറും നൂറ് രൂപ(ഇന്ത്യന്‍ മണി)മാത്രം കൈ വശമുള്ള ഒരാള്‍ ദുബായ്‌ എയര്‍പോട്ടില്‍ ചെന്നിറങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും അത് നുണയാണ് എന്ന്.അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കും..പക്ഷെ  സത്യമാണ്!!!
    പറഞ്ഞു വരുന്നത് അബ്ദുറഹിമാനെ പറ്റിയാണ്.എല്ലാം കൊണ്ടും വളരെ സവിശേഷമായ ഒരു വ്യക്തിത്വത്തിനുടമയാണ് എന്‍റെ ഈ പ്രിയ സുഹൃത്ത്.തന്‍റെ സംഭവ ബഹുലമായ ജീവിതത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം അവന്‍ നടത്തുന്നത്  സ്കൂള്‍ കാലയളവിലാണ്.(രേഖപ്പെടുത്തിയ ചരിത്രം മാത്രമാണ് ഞാന്‍ പറയുന്നത് കേട്ടോ )സ്കൂളില്‍ വെച്ച് കഥകളൊക്കെ എഴുതി സമ്മാനങ്ങള്‍ തുടര്‍ച്ചയായി നേടി വന്നപ്പോഴാണ് കഥാനായകന് തന്‍റെ പേരിന് അത്ര ഗമ പോരെന്നു തോന്നിയത്.അങ്ങിനെ ഒരു സുപ്രഭാതത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ടിയാന്‍ വി.ടി.എ.റഹ്മാന്‍ എന്ന തൂലികാ നാമം സ്വീകരിച്ചു.(അബ്ദുറഹ്മാന്‍റെ അന്നത്തെ ആരാധ്യ നായകന്‍ മീശ മുളക്കാത്ത പഴയ റഹ്മാന്‍ ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ!)
    എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങി സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ നേടിയ അവന്‍ അഞ്ചാറു മാസങ്ങള്‍ കൊണ്ട് പഠനം നിര്‍ത്തുന്നതോടെ അടുത്ത പരീക്ഷണം തുടങ്ങുകയായി...
  പഠനത്തില്‍ വിരക്തി തോന്നിയ കഥാനായകന്‍ ഒരു നോവലെഴുത്ത് ആരംഭിച്ചു...രചനയുടെ വല്മീകത്തില്‍ ഒളിച്ച റഹ്മാനെ ആയിടയ്ക്കൊന്നും കാണാറുണ്ടായിരുന്നില്ല..ഒരുദിവസം നോവലിസ്റ്റ് തന്‍റെ നോവലിന്‍റെ കുറെ അധ്യായങ്ങളുമായി ഞങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷനായി!പൈങ്കിളി ആയിരുന്നു സംഭവം...പക്ഷെ എപ്പോഴുമെന്ന പോലെ അവന്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നു!മനോരമയോ മംഗളമോ ആ നോവല്‍ പ്രസിദ്ധീകരിക്കും എന്നവന്‍ ഉറപ്പിച്ചു പറഞ്ഞു.താമസിയാതെ കോട്ടയം പോയ അവന്‍ മടങ്ങി വന്നത് തന്‍റെ നോവലില്‍ ചില തിരുത്തുകള്‍ വേണമെന്ന് പത്രാധിപര്‍ പറഞ്ഞു..പ്രസിദ്ധീകരിക്കാം എന്ന ഉറപ്പും കിട്ടി  എന്ന വാര്‍ത്തയുമായാണ്.അഞ്ഞൂറോളം പേജുകള്‍ തിരുത്തിയെഴുതാനുള്ള ബുദ്ധിമുട്ടൊന്നും അവനു ഒരു പ്രശ്നമായിരുന്നില്ല..
  പക്ഷെ നോവല്‍ തിരുത്തുന്നതിനു മുന്‍പ് തന്നെ കഥാനായകന്‍ ഗള്‍ഫില്‍ പോവുകയാണ് ചെയ്തത്!അങ്ങിനെ അബ്ദുറഹിമാന്‍റെ പരീക്ഷണങ്ങള്‍ അവസാനിച്ചു എന്ന് കരുതിയ നാട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് അവന്‍ അവിടെ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മടങ്ങിയെത്തി!
  ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാന്‍ തന്നെ കിട്ടില്ല..വ്യക്തിത്വം ആര്‍ക്കും അടിയറ വെക്കാനുല്ലതല്ല  എന്നതായിരുന്നു കാരണമായി അവന്‍ പറഞ്ഞത്.


         ആളുകള്‍ ഞെട്ടാന്‍ പോവുന്നതെ ഉണ്ടായിരുന്നുള്ളൂ..!


   ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമായ നരിക്കുനിയില്‍ ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് കോളേജ് അബ്ദുറഹ്മാന്‍ തുടങ്ങി എന്ന വാര്‍ത്തയാണ് ആളുകളെ ആദ്യം ഞെട്ടിച്ചത്.ഏവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് സ്ഥാപനം വന്‍ വിജയമായി മുന്നോട്ടു നീങ്ങി!വെറും എസ്.എസ്.എല്‍.സി ക്കാരനായ അബ്ദുറഹ്മാന് മുന്നില്‍ പഠിതാക്കളായി എം.എ ക്കാരും എം.എസ്.സി ക്കാരും നിന്ന്.അങ്ങിനെ വി.ടി.എ.റഹ്മാന്‍ 'റഹ്മാന്‍ സാര്‍' ആയി!(അനുഭവം കൊണ്ട് ഇംഗ്ലീഷില്‍ അബ്ദുറഹ്മാന്‍ പ്രാഗല്‍ഭ്യം നേടിയിരുന്നു എന്ന സത്യം ഞങ്ങള്‍ വൈകിയാണ് തിരിച്ചറിഞ്ഞത്..)
  കല്യാണം കഴിഞ്ഞതോടെ കോളേജ് റഹ്മാന്‍ അടച്ചു പൂട്ടി..നിറയെ പഠിതാക്കളുണ്ടായിരുന്നെങ്കിലും തന്‍റെ മേഖല അതൊന്നുമല്ല എന്നവന്‍ വീണ്ടും തിരിച്ചറിഞ്ഞു!!പിന്നീട് ഒരു ഫ്ലക്സ്‌ പ്രിന്റിംഗ് സ്ഥാപനത്തിന്‍റെ എം.ഡി യായാണ് റഹ്മാനെ ഞങ്ങള്‍ കാണുന്നത്..ഇതിനിടയില്‍ തന്നെ eyes of charity എന്ന ഒരു സംഘടനയും അവന്‍ തുടങ്ങിയിരുന്നു.ഫ്ലക്സ്‌ പ്രിന്‍റിംഗ് സ്ഥാപനത്തിന്റെ മേധാവി എന്ന പദവി അവനെ പുതിയൊരാളാക്കി എന്ന് ഞങ്ങള്‍ക്ക് തോന്നി..കാരണം അവനെ ഭരിക്കാന്‍ ആരുമില്ലായിരുന്നു..അവന്‍ ആഗ്രഹിച്ചത്‌ പോലൊരു ജോലി.


പക്ഷേ  വീണ്ടും അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോവുന്നേ ഉണ്ടായിരുന്നുള്ളൂ!




   ജോലി രാജി വെച്ച് റഹ്മാന്‍ വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചു.മറ്റൊരു സുഹൃത്തായ ഫസലിക്കിനെ വിളിച്ച് റഹ്മാന്‍ പറഞ്ഞു.."എടാ ഞാന്‍ ദുബായിലേക്ക് വരികയാ..പിന്നേ..എന്‍റെ  കയ്യില്‍ പണമൊന്നുമില്ല..ഉള്ളത് ഞാന്‍ ടിക്കറ്റിനു കൊടുത്ത്..ഇനി ആകെ നൂറേ ഉള്ളൂ..നീ എയര്‍ പോട്ടില്‍ എന്നെ കൂട്ടാന്‍ വരണം"
ഫസലിക്ക് അവനോടു ധൈര്യമായി പൊന്നോളാന്‍ പറഞ്ഞെങ്കിലും നൂറു രൂപ മാത്രമേ കയ്യിലുള്ളൂ എന്നത് വിശ്വസിച്ചിരുന്നില്ല..
                                                                                                              (തുടരും..)
   

Tuesday 28 June, 2011

സമൂഹത്തോട്

 ന്തിനാണ് നിങ്ങളെന്നെ വെറുക്കപ്പെട്ടവനാക്കുന്നത്?
ഒറ്റുകാരനാക്കുന്നത്?
നിങ്ങളെന്‍റെ വാക്കുകളെ അവിശ്വസിക്കുന്നത്? 
എന്റെ കണ്ണുകളെ മൂടിക്കെട്ടുന്നത്?
    നിങ്ങള്‍ക്ക് പിന്നിലായിരുന്നല്ലോ ഞാനെപ്പോഴും...
നിങ്ങളുടെ പാതകളായിരുന്നല്ലോ എന്‍റെയും..
നിങ്ങളുടെ  ഉച്ചഭാഷിണി മാത്രമായിരുന്നല്ലോ ഞാന്‍! 
നിങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍  തന്നെയല്ലേ ഞാനും കണ്ടത്... 

എന്നിട്ടും....
ഒന്ന് മാത്രം പറയട്ടേ...
നിങ്ങള്‍ക്കെന്നെ
വെറുക്കപ്പെട്ടവനും,ഒറ്റുകാരനും,
നുണയനും ,അന്ധനുമൊക്കെ ആക്കിത്തീര്‍ക്കാം..
പക്ഷേ..ഒരിക്കലും....
എന്നെ ഞാനല്ലാതാക്കാനാവില്ല..

Thursday 3 February, 2011

അകാലത്തില്‍ പൊലിഞ്ഞ/പൊളിഞ്ഞ കലാലയം

   ല്ലാ നാട്ടിലുമെന്ന പോലെ ഒരുകാലത്ത്‌ തൊഴില്‍ രഹിതരായ വിദ്യാസമ്പന്നന്മാര്‍ എന്‍റെ നാട്ടിലും ഇന്നത്തെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നു.വൈകുന്നേരങ്ങളില്‍ കളിയും കഴിഞ്ഞു സൊറ പറഞ്ഞിരിക്കുമ്പോഴായിരുന്നു ചര്‍ച്ചകളെല്ലാം...പലരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും ഒരു താല്‍ക്കാലിക  ജോലി എങ്കിലും എങ്ങനെ തരപ്പെടുത്തും എന്നാ ആലോചിച്ചിരുന്നത് എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന കാലം.ഇന്നത്തെ അത്രയും ജോലി സാധ്യതകള്‍ 15 വര്‍ഷം മുമ്പ് ഇല്ലായിരുന്നു എന്നോര്‍ക്കണേ.
  അങ്ങിനെയിരിക്കെ അന്നും പതിവു പോലെ ചര്‍ച്ചകള്‍ മുറുകിയപ്പോഴാണ് യു.പി സ്കൂള്‍ അധ്യാപകനും നാടക സംവിധായകനുമായ വിനു ആ കൂട്ടത്തിലേക്ക് എത്തിയത്.അവന്‍ വളരെ നിസ്സാരമായി പറഞ്ഞു."ഇതാ വലിയ പ്രശ്നം!നമുക്കൊരു ട്യൂഷന്‍ സെന്‍റര്‍ തുടങ്ങാം.കുറെ കുട്ടികളെ ഞാന്‍ ക്യാന്‍വാസ്‌ ചെയ്തു തരാം." കൊള്ളാം എന്താ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത് എന്നായി ഞങ്ങള്‍.ഒന്നുമില്ലെങ്കിലും സിനിമ കാണാനുള്ള കാശെങ്കിലും കിട്ടുമല്ലോ!
 എവിടെയാ ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുക.അതിനൊരു കെട്ടിടം വേണമല്ലോ?അതായി അടുത്ത ചിന്ത!അതിനും ഉടന്‍ വന്നു മറുപടി..."നമുക്ക് തല്‍ക്കാലം രവിയേട്ടന്‍റെ ഒഴിഞ്ഞു കിടക്കുന്ന കടയില്‍ തുടങ്ങാം.അതാണെങ്കില്‍ അങ്ങാടിയില്‍ നിന്ന് കുറച്ചു മാറിയുമാണല്ലോ" എല്ലാര്‍ക്കും സമ്മതം.
  അന്ന് ഞാന്‍,മുരളി(ബാങ്ക്ലൂരില്‍ വെച്ചുണ്ടായ ഒരു ആക്സിഡന്റില്‍ പിന്നീടവന്‍ ഞങ്ങളെ വിട്ടു പോയി),ഗിരീഷ്‌ തുടങ്ങിയവരെല്ലാം പല പല സ്വപ്നങ്ങളും കണ്ടാണ് ഉറങ്ങിയത്.(ശ്രീനിയും ലാലും കണ്ടപോലെത്തന്നെ ).നേരം പുലര്‍ന്നു ഞങ്ങള്‍ രാവിലെ പോയി രവിയെട്ടനെ കണ്ടു സംസാരിച്ചു..മൂപ്പര്‍ക്ക് പൂര്‍ണ സമ്മതം.വാടകയും വേണ്ട എന്ന് കേട്ടതോടെ ഞങ്ങള്‍ വെരി ഹാപ്പി!!ഒരു കണ്ടീഷന്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത് ..ചരിത്രം ട്യൂഷനെടുക്കുന്ന കാര്യം മൂപ്പരെ ഏല്പിക്കണം.(തൊട്ടടുത്ത ഹൈസ്കൂളിലെ ക്ലര്‍ക്ക്‌ ആണേ പുള്ളിക്കാരന്‍!)
 എല്ലാം സമ്മതിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.കടയില്‍ ചെന്ന് അവിടമൊക്കെ ശുചിയാക്കി..വേണ്ട ഒരുക്കങ്ങള്‍ നടത്തി..ബെഞ്ചും ഡസ്കും അയല്‍ നാട്ടിലെ ഒരു പൊളിഞ്ഞ പാരലല്‍ കോളേജില്‍ നിന്നും വാങ്ങി....തുടക്ക  ദിവസമായപ്പോഴേക്കും 7,8,9,10 ക്ലാസുകളിലെക്കായി എണ്‍പതോളം കുട്ടികളും പ്രവേശനം നേടിയിരുന്നു.ഓരോരുത്തരും പഠിപ്പിക്കേണ്ട വിഷയങ്ങള്‍ തീരുമാനിച്ചു...ഞാന്‍ ഇംഗ്ലീഷ്‌,മുരളി സയന്‍സ്,വിനുവും രവിയെട്ടനും എസ്.എസ്,മുരളിയുടെ സഹോദരി സുമ കണക്ക്...പ്രിന്‍സിപ്പാള്‍ പദവി ഞങ്ങള്‍ ഗിരീഷിനും നല്‍കി.ഫീസ്‌ 40 രൂപ പിരിക്കേണ്ടതും അവനെ തന്നെ ഏല്പിച്ചു.
  ദിവസങ്ങള്‍ കടന്നു പോയി...അഡ്മിഷന്‍ കൂടിക്കൂടി വന്നതോടെ അടുത്ത വര്‍ഷം ഇതൊരു കോളേജ്‌ ആക്കി ഉയര്‍ത്തണമെന്നും സംശയാലുക്കളായി മാറി നിന്ന ബാക്കി ചങ്ങാതിമാരെ കൂടി ഉള്‍പെടുത്തണം എന്നുമൊക്കെ ഞങ്ങള്‍ തീരുമാനിച്ചു.ശമ്പളം ഇപ്പൊളത്തെ പോലെ  ലാഭം വീതിക്കല്‍ തന്നെ മതി എന്നും തീരുമാനം ആയി.അപ്പോഴാണ്‌ പ്രിന്‍സിപ്പാള്‍ പറഞ്ഞത് "ഒരു നല്ല മേശയും കസേരയും എനിക്ക് വേണം.പാരന്റ്സ് വരുമ്പോള്‍ അവര്‍ക്കൊരു... ഇതില്ല" പരിഗണിക്കാം എന്ന ഉറപ്പിന്മേല്‍ ഇഷ്ടന്‍ അടങ്ങി.(ആ ശരീരം താങ്ങുന്ന കസേര വാങ്ങാന്‍ ആയിരം കുട്ടികളെങ്കിലും ചേര്‍ന്നാലേ മുതലാകൂ എന്ന് ഞങ്ങള്‍ പരസ്പരം പിറുപിറുത്തു).
 അങ്ങിനെയിരിക്കെയാണ് സമീപവാസികളായ ചില രക്ഷിതാക്കള്‍ 5,6 ക്ലാസ്സുകളില്‍ പഠിക്കുന്ന അവരുടെ മക്കളെ കണക്ക് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്നത്.ഞങ്ങള്‍ ആകെ കുടുങ്ങി..ഒന്നാമതായി ഉള്ള സമയം തന്നെ തികയാത്ത അവസ്ഥ.പിന്നെ സുമയൊഴികെ ആര്‍ക്കും ഹൈസ്കൂള്‍ ലെവലിനു താഴെ പഠിപ്പിക്കാന്‍ താല്പര്യമില്ല(ഇത്രയും കഴിവുള്ള ഞങ്ങളുടെ സേവനം വല്ല കോളേജ് പിള്ളേര്‍ക്കും അല്ലെ കിട്ടേണ്ടത് എന്ന അഹം ഭാവം!)അവസാനം പ്രിന്‍സിപ്പാള്‍ അവരെ പഠിപ്പിക്കാന്‍ തയ്യാറായി.  ആ കുട്ടികളാവട്ടെ പഠനത്തില്‍ യാതൊരു താല്പര്യവുമില്ലാത്തവരുമായിരുന്നു.രണ്ടും രണ്ടും കൂട്ടിയാല്‍ എത്രയാ എന്നാ ചോദ്യത്തിന് മൂന്ന് എന്ന് ഉത്തരം പറയുന്ന വിവേകശാലികള്‍!കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരുത്തന്‍ പ്രിന്‍സിപ്പാളിന്‍റെ തെറി വിളി സഹിക്കാനാവാതെയാവണം പഠനം നിര്‍ത്തി.
  ഒരു ദിവസം ഞാന്‍ ക്ലാസെടുത്തു കൊണ്ടിരിക്കയായിരുന്നു.പെട്ടെന്ന് ഒരലര്‍ച്ച കേട്ടു..ഓടിചെന്നപ്പോള്‍ കണ്ടത് കോപം കൊണ്ട് വിറക്കുന്ന പ്രിന്സിപ്പാളിനെയും പേടിച്ചു വിറക്കുന്ന ശിഷ്യനെയുമാണ്.എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ 
" ഈ പന്നീനെ ഞാനിന്നു കൊല്ലും..ഇവന്‍ വന്ന അന്ന് തുടങ്ങിയ പരിപാടിയാ .. സഹിക്കുന്നതിനും ഒരതിരില്ലേ..പോട്ടെ ..ഇപ്പൊ..ഒരു കണക്ക് കൊടുത്തതാ അത് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ചെയ്തു തീര്‍ന്നില്ല.."
  "സാരമില്ല..അവന്‍ ചെയ്തോളും..മാഷ്‌ ഒന്നൂടെ ക്ഷമിക്ക്" എന്നും പറഞ്ഞു ഞാന്‍ പ്രിന്‍സിപ്പാളിന്‍റെ കയ്യിലിരുന്ന വടി(വലിയൊരു മടലിന്‍റെ കഷണം!) വാങ്ങി ദൂരെയെറിഞ്ഞു.അപ്പോള്‍ വീണ്ടും പ്രിന്‍സിപ്പാള്‍ ചൂടായി ചെറുക്കന്‍റെ ഷര്‍ട്ടിനു പിടിച്ചിട്ടു പറയുകയാണ്‌..
  "നിങ്ങളെന്തറിഞ്ഞിട്ടാ ഈ പറയുന്നത്..ഞാന്‍ എത്ര ദിവസമായി ഇത് സഹിക്കുന്നു.."
  "സാരമില്ല മാഷേ ..നമ്മളൊക്കെ ഇങ്ങനെ തന്നെയല്ലായിരുന്നോ കുട്ടിക്കാലത്ത്.."ഞാന്‍ തണുപ്പിക്കാന്‍ ശ്രമിക്കും തോറും മാഷ്‌ കത്തിക്കയറുകയാണ്..
  "എന്നാ നിങ്ങള് തന്നെ പഠിപ്പിച്ചോ..എന്നെക്കൊണ്ട് പറ്റില്ല...അതും പോരാത്തതിന് ..വന്ന ദിവസം ഞാനിവനോട് അഞ്ചും അഞ്ചും കൂട്ടിയാല്‍ എത്രയാ എന്ന് ചോദിച്ചാല്‍ 'ഒന്‍പത്' എന്നായിരുന്നു ഉത്തരം.ഇപ്പൊ പറയുകയാ അഞ്ചാണെന്ന്."
  "അതവന്‍ മറന്നതായിരിക്കും ..ചെറിയ കുട്ടിയല്ലേ.."
 "അതല്ല മാഷേ ...അതൊക്കെ ഞാന്‍ സഹിച്ചു.ഈ 'ചെറിയ കുട്ടി' വിടുന്ന ദുര്‍ഗന്ധമുള്ള ഗ്യാസാ എനിക്ക് സഹിക്കാത്തത്!!!..ഈ പന്നി വന്ന ദിവസം മുതല്‍ തുടങ്ങിയ പരിപാടിയാ!..40 രൂപ കിട്ടുമെന്ന് കരുതി എത്രയാ മനുഷ്യന്‍ ഈ നാറ്റം  സഹിക്കുക?"
  മറുപടി കേള്‍ക്കേണ്ട താമസം ഞാനവിടെ നിന്നും കൂളായി മുങ്ങി എന്ന് പറയേണ്ടതില്ലല്ലോ?
            ഞങ്ങളുടെ സംരംഭം വിജയകരമായ ദിവസങ്ങള്‍ പിന്നിട്ടു കൊണ്ടിരുന്നു.ദിവസവും ചായ കിട്ടുമെന്നല്ലാതെ പ്രതിഫലമൊന്നും ആര്‍ക്കും ലഭിച്ചിരുന്നില്ല.ചോദിക്കുമ്പോള്‍ പ്രിസിപ്പാള്‍ പറയും മുഴുവന്‍ ഫീസ്‌ കിട്ടട്ടെ അപ്പോള്‍ തരാമെന്ന്.എന്തായാലും മൂപ്പരുടെ തടി കൂടി വരുന്നുണ്ടായിരുന്നു.
  അങ്ങിനെയിരിക്കെ കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങി.അതു കാരണം ട്യൂഷന്‍ രണ്ടാഴ്ചയ്ക്ക് ഞങ്ങള്‍ നിര്‍ത്തി വെച്ചു.അതു കഴിഞ്ഞുള്ള ശനിയാഴ്ച നിര്‍ബന്ധമായും വരണമെന്ന് ഞങ്ങള്‍ പറയുകയും ചെയ്തു.സ്കൂളില്‍ നിന്ന് വിനുവും രവിയേട്ടനും കുട്ടികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
  അങ്ങിനെ ശനിയാഴ്ച വന്നെത്തി.എല്ലാ ദിവസവുമെന്ന പോലെ 9 മണിക്കുള്ള ക്ലാസ്സിന് ഞങ്ങള്‍ അധ്യാപകര്‍ ഓരോരുത്തരായി 9.30 ആവുമ്പോഴേക്കും എത്തിച്ചേര്‍ന്നു.ചെന്നപ്പോള്‍ ആകെ പത്തില്‍ താഴെ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ.ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ വരാത്തതിനെപറ്റി അവര്‍ക്കൊന്നുമറിയില്ല.പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളൂ,പിറ്റേന്ന് വരുമായിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.
  പിറ്റേന്നും 9.30 ആയപ്പോഴാണ് ഞങ്ങളെല്ലാവരും എത്തിയത്..പക്ഷെ ഒരൊറ്റ കുട്ടിയെ പോലും അവിടെ കാണാനുണ്ടായിരുന്നില്ല.കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങള്‍ തിരിച്ചു പോന്നു.അടുത്ത ദിവസങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ.എത്ര തല പുകഞ്ഞാലോചിച്ചിട്ടും എന്താണിതിനു കാരണം എന്ന് മാത്രം ഞങ്ങള്‍ക്ക് മനസ്സിലായില്ല.
 ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും ഞങ്ങള്‍ ട്യൂഷന്‍ ക്ലാസ്സില്‍ പോകും അവിടം അടിച്ചുവാരി തിരിച്ചു പോരും.അങ്ങിനെ ഒരു ദിവസം അവിടമൊക്കെ ചിതല് തട്ടി നടക്കുമ്പോഴാണ് ഒരു ചുമരെഴുത്ത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.
  'ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ട്യൂഷന്‍ ഉണ്ടായിരിക്കുന്നതല്ല-പ്രിന്‍സിപ്പാള്‍ ' 
 ഇതു വായിച്ച പ്രിന്‍സിപ്പാള്‍ ബോധം കെട്ടില്ല എന്നേ ഉള്ളൂ.പുള്ളീടെ ഒരു താല്‍ക്കാലിക വരുമാനമായിരുന്നല്ലോ ഈ ട്യൂഷന്‍ ക്ലാസ്..അതോട് കൂടെ ഞങ്ങളുടെ ഒരു സ്വപ്നം അകാലത്തില്‍ അസ്തമിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ!!!
(വാല്‍ക്കഷണം -ഈയെഴുത്ത് എഴുതിയത് ആരാണെന്നുള്ള അന്വേഷണം എത്തി നിന്നത് ഈ ട്യൂഷന്‍ കാര്യത്തിലൊന്നും താല്പര്യമില്ലാത്ത ഞങ്ങളുടെ രണ്ടു സുഹൃത്തുക്കളിലാണ്!!!എത്ര മനോഹരമായ പാര അല്ലെ..)

Thursday 13 January, 2011

സ്കൂള്‍ കലോല്‍സവവും ചില 'നാടക' ചിന്തകളും

  ലപ്പോഴുംഅധ്യാപകരെ സംബന്ധിച്ചിടത്തോളം ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്നവയാണ് കലോത്സവങ്ങള്‍.കാരണം കുറച്ചു പേരെങ്കിലും പഠനകാലത്ത്‌ അത്തരം പരിപാടികളില്‍ പങ്കെടുത്തവരും അതിന്‍റെ വീറും വാശിയും അനുഭവിച്ചറിഞ്ഞവരും ആയിരിക്കും എന്നതുതന്നെ.
  ഈയുള്ളവനും അത്തരത്തിലൊരു പരാക്രമി (?) ആയിരുന്നെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...ആ ഓര്‍മകളുമായി ഇപ്പോള്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലെത്തിയ   വര്‍ഷം തന്നെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ ഒരു നാടകം സംവിധാനം ചെയ്യാന്‍ കബീര്‍ മാഷ്‌ എന്നെ ചുമതലപ്പെടുത്തി.അതിന് സബ് ജില്ലയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.പിന്നെ പല തവണയും ഇതാവര്‍ത്തിച്ചു പോന്നു.ഒരിക്കല്‍ ഒന്നാം സ്ഥാനം നേടി ഞങ്ങള്‍ ജില്ലയിലും പോയി.പലപ്പോഴും മികച്ച നടനെയും നടിയെയും സംഭാവന നല്‍കാന്‍ ഞങ്ങള്‍ക്ക്‌കഴിയുകയും ചെയ്തു.


  അതെല്ലാമവിടെ നില്‍ക്കട്ടെ ..
  ഈ വര്‍ഷത്തെ സബ് ജില്ലാ സ്കൂള്‍ കലോല്‍സവം ഞങ്ങളുടെ സ്കൂളിലായിരുന്നു നടന്നത്.അതിനാല്‍ത്തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരുപാട്‌ അലട്ടുന്നെങ്കിലും സ്കൂളില്‍ നിന്നും ഏതാണ്ടെല്ലാപരിപാടികള്‍ക്കും പങ്കെടുക്കാനും തീരുമാനമായി.അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ ഫണ്ടും കണ്ടെത്തി.
(എയ്ഡഡ് സ്‌കൂള്‍ ആണെങ്കിലും മാനേജര്‍ എന്ന സംഗതി ഞങ്ങള്‍ക്കില്ലാത്തതിനാല്‍ ദയവു ചെയ്തു അതേപറ്റി മാത്രം ചോദിക്കരുത്.)
സ്വാഭാവികമായും നാടകം സംവിധാനം ചെയ്യാനുള്ള ചുമതല ഈയുള്ളവന്‍റെ തലയിലായി.റിഹേര്‍സലുകള്‍ ധാരാളം നടത്തി...ദിവസങ്ങള്‍ കടന്നു പോയി..




 നാടകറിഹേര്‍സലിന്‍റെ തുടക്കത്തിലുണ്ടായിരുന്ന അഭിനയ പാടവവും അവതരണ മികവുമെല്ലാം അവസാന ദിനങ്ങളായപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നെങ്കിലും എ ഗ്രേഡ് ലഭിക്കും എന്ന കാര്യത്തില്‍ എനിക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല...നാടകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..പക്ഷെ എവിടെ തപ്പിയിട്ടും പിന്നണിയില്‍ വേണ്ട കര്‍ട്ടന്‍ മാത്രം കിട്ടിയില്ല.അവസാനം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ അത് നാട്ടില്‍ നിന്നും സംഘടിപ്പിച്ചു.ഒരു മരത്തിന്‍റെ കട്ടൗട്ട് വേണ്ടത് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഉപേക്ഷിച്ചു;പകരം അടുത്ത വീട്ടില്‍ നിന്നും ഒരു പൂമരം മുറിച്ചെടുക്കാംഎന്നും തീരുമാനിച്ചു.
  നാടകത്തിന്‍റെ ദിവസം വന്നെത്തി..മേക്കപ്പ്..വസ്ത്രാലങ്കാരം..തുടങ്ങിയവയെല്ലാം അധ്യാപികമാരുടെ സഹായത്തോടെ ചെയ്തു..അപ്പോഴേക്കും എന്നെ സഹായിക്കാന്‍ എന്‍റെ പൂര്‍വ്വ വിദ്യാര്‍ഥികളും നടന്മാരുമായ ബിലാലും അനീഷും തുടങ്ങി ഒരുപറ്റം ആളുകള്‍ ഉണ്ടായിരുന്നു.അന്നത്തെ തിരക്കുകള്‍ക്കിടയില്‍ ഇതെന്നെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്..ഒരു പക്ഷെ ഒരധ്യാപകന്‍റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ എന്നൊക്കെ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളെ ആവും അല്ലെ?
  ഉച്ചയ്ക്ക് മൂന്നു മണിയായപ്പോഴേക്കും നാടക ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനൌണ്‍സ്മെന്‍റ് മുഴങ്ങി..കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു..ലോട്ടെടുത്തു...ഞങ്ങള്‍ ആറാമത് ...അതായതു ഏറ്റവും അവസാനം.അതേതായാലും നന്നായി എന്നാ എനിക്കും കുട്ടികള്‍ക്കും തോന്നിയത്..അത് വരെ റിലാക്സ് ചെയ്യാമല്ലോ..
  പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞു മറിയാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.ഒന്നാമതായി ലോട്ട് കിട്ടിയ ടീമിന് ആദ്യം നാടകം അവതരിപ്പിക്കാന്‍ പറ്റില്ലത്രേ!അതിനവര്‍ പറഞ്ഞ കാരണം കുട്ടികള്‍ തയ്യാറായില്ല എന്നും.ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഞങ്ങളോട് ആദ്യം കയറാന്‍ അവര്‍ ആവശ്യപ്പെട്ടു.പക്ഷെ ഒരു കുട്ടി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു.പിന്നെ അവരുടെ ആവശ്യം ലോട്ട് മാറ്റി എടുക്കണം എന്നായി..മറ്റു ടീമുകള്‍ അതിനു സമ്മതിച്ചതുമില്ല...ഒരു പാട് സമയത്തിനു ശേഷം അവര്‍ തന്നെ കളിക്കാന്‍ തീരുമാനിച്ചു.
 പിന്നീടാണ് മനസ്സിലായത്‌ ഒന്നാമതായി പരിപാടി അവതരിപ്പിക്കുന്ന ടീമിന് സമ്മാനം കിട്ടില്ല എന്നൊരു വിശ്വാസം (?) ഉണ്ടത്രേ!!!
  അങ്ങിനെ നാടകം തുടങ്ങാറായി.അപ്പോഴാണ്‌ ഒരു വളണ്ടിയര്‍ ഓടി വന്നു പറഞ്ഞത് .."സാറേ,നിങ്ങളുമായി തര്‍ക്കിച്ച ആ മാഷില്ലേ അയാള്‍ ഫോണില്‍ നമ്മുടെ സ്കൂളിനെ പറ്റി മോശമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു"
അത് സാരമില്ല എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.."അല്ല സാറേ,എന്തോ കുഴപ്പമുണ്ട് ജഡ്ജസിനെയാ  അയാള്‍ വിളിച്ചതെന്ന് തോന്നുന്നു.അദ്ദേഹവും ഫോണില്‍ സംസാരിക്കുന്നത് കണ്ടു."
 അതൊക്കെ നിന്‍റെ തോന്നലായിരിക്കും എന്ന് പറഞ്ഞ് അവനെ വിട്ടെങ്കിലും ചെറിയൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്ക് ഇല്ലാതിരുന്നില്ല...
 നാടകങ്ങള്‍ തുടങ്ങി.ഓരോ നാടകവും കഴിയുമ്പോള്‍ അനീഷും ബിലാലും ഓടി വന്ന് അവയെക്കുറിച്ചുള്ള വിശകലനങ്ങള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.നാടകങ്ങള്‍ക്ക് നിലവാരം കുറവാണെന്നും ഒരുപാട് തെറ്റുകള്‍ ഉണ്ടെന്നും പറഞ്ഞപ്പോള്‍ എന്‍റെ അഭിനേതാക്കള്‍ക്ക് അത് വലിയ ആശ്വാസമായി.ഇടയ്ക്കിടെ ബിലാല്‍ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍  കയറിയ തനിക്ക് ബെസ്റ്റ്‌ ആക്ടര്‍ സമ്മാനം കിട്ടിയ ചരിത്രമൊക്കെ പറഞ്ഞു കുട്ടികളെ മോട്ടിവേറ്റ്‌ ചെയ്യുന്നുണ്ടായിരുന്നു.
  അങ്ങിനെ ഞങ്ങളുടെ ഊഴം വന്നെത്തി...സ്റ്റേജ് ഒരുക്കാനും മറ്റു ക്രമീകരണങ്ങള്‍ക്കുമൊക്കെ എന്‍റെ പഴയ കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ അധികം ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല. നാടകം തുടങ്ങി ..വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോയ്കൊണ്ടിരുന്നു.. നല്ല സംഭാഷണങ്ങള്‍ക്കും ,രംഗങ്ങള്‍ക്കും കാണികള്‍ നിര്‍ലോഭമായ കയ്യടി തന്നു.(മറ്റു സ്കൂളിലെ കുട്ടികളും അധ്യാപകരും ഈ കൂട്ടത്തിലുണ്ടായിരുന്നു എന്നോര്‍ക്കണേ).എതായാലും ഞങ്ങള്‍ എ ഗ്രേഡ്‌ ഉറപ്പിച്ചു.മറ്റുള്ള നാടകങ്ങള്‍ക്കില്ലാതിരുന്ന  പശ്ചാത്തല സംഗീതവും കുട്ടികള്‍ക്ക് പോലും ആസ്വദിക്കാന്‍ പറ്റിയ കഥയുമായിരുന്നു ഞങ്ങളുടെ നാടകത്തെ വേറിട്ട്‌ നിര്‍ത്തിയത്.
 വിധി പറയാന്‍ സമയമായി..തുടക്കത്തിലെ പ്രസംഗങ്ങള്‍ക്ക് ശേഷം ജഡ്ജസ് ഓരോ നാടകത്തിന്റെയും കുറവുകള്‍  പറയാന്‍ തുടങ്ങി..ഇത് ഞങ്ങളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തു.(ഇതിനിടക്ക്‌ എന്‍റെ സുഹൃത്തുക്കളായ മറ്റു സ്കൂളിലെ അധ്യാപകര്‍ വന്നു എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു)വിധി വന്നു ഒന്നാം സ്ഥാനമില്ല...മാത്രമല്ല സി ഗ്രേഡ്‌ ആണ് എന്ന് കേട്ടപ്പോള്‍ ഞാന്‍ മാത്രമല്ല എല്ലാരും ഒന്ന് അന്തം വിട്ടു!!!
(ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രം എ ഗ്രേഡ്‌!)
 അപ്പോഴേക്കും എന്‍റെ കുട്ടികള്‍ കരച്ചി.ല്‍ തുടങ്ങിയിരുന്നു..അവരെ ഒരു വിധം  സമാധാനിപ്പിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു ഫാത്തിമടീച്ചറും പ്രേമ ടീച്ചറും..
 "എന്താ മാഷേ ആണ്‍ കുട്ടിക്ക് ഗര്‍ഭമുണ്ടാവുമോ..?"അന്തം വിട്ടു നിന്ന എന്നോടവര്‍ വിശദീകരിച്ചു.ഒന്നാം സ്ഥാനം കിട്ടിയ നാടകത്തില്‍ ആണ്‍കുട്ടി ഗര്‍ഭണനാവുന്നുണ്ടത്രേ!!!അതും ഒരു മാഷ്‌ കാരണം!!!!
  "എവിടെ നോക്കിയാ ഇവരൊക്കെ മാര്‍ക്കിട്ടത്?ഇത് അധ്യാപക വര്‍ഗ്ഗത്തിന് തന്നെ നാണക്കേടാ..നമുക്കൊന്ന് ചോദിക്കണം.." ടീച്ചര്‍മാര്‍ നിന്ന് വിറക്കുകയാണ്.ഞാനവരെ സമാധാനിപ്പിച്ചു..
  "അത് മോഡേണ്‍ നാടകമായിരിക്കും.ആക്ഷേപ ഹാസ്യത്തില്‍ അങ്ങിനെയൊക്കെ കാണുമായിരിക്കും.മാത്രമല്ല നമ്മുടെ സ്കൂളിലല്ലേ പരിപാടി നടക്കുന്നത്.അപ്പൊ നമ്മള്‍ പ്രശ്നമുണ്ടാക്കാന്‍ പാടുണ്ടോ?"
 "അതങ്ങിനെ വിട്ടാലൊന്നും പറ്റില്ല.മാത്രമല്ല കുട്ടികളുടെ നാടകത്തില്‍ അവര്‍ മരിക്കുന്നത് കാട്ടാമോ?ദുരന്തങ്ങളില്‍ നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതല്ലേ വേണ്ടത്?"ചോദ്യം പ്രേമ ടീച്ചറുടെതാണ്.(രണ്ടു പേരുടെയും കുട്ടികള്‍ മികച്ച നടിക്കുള്ള അവാര്‍ഡ്‌ വാങ്ങിയവരും സംസ്ഥാന തലത്തില്‍ ധാരാളം നാടക മല്‍സരങ്ങളില്‍ പങ്കെടുത്തവരുമാണ്.)
  എങ്ങിനെയൊക്കെയോ രണ്ടു പേരേയും പറഞ്ഞു വിട്ടപ്പോള്‍ ദാ വരുന്നു മറ്റു സ്കൂളിലെ അധ്യാപകര്‍.."ഇതിലെന്തോ കളി നടന്നിട്ടുണ്ട് മാഷേ ..നിങ്ങള്‍ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടത്..ആദ്യം അവതരിപ്പിച്ച നാടകമായിരുന്നു ഏറ്റവും മോശം.എന്നിട്ടതിന് ബി ഗ്രേഡ്‌ കൊടുത്തിരിക്കുന്നു."
അവരെയും ഒരുവിധം പറഞ്ഞു വിട്ടു..ഏതായാലും എന്തൊക്കെയാ ഞങ്ങള്‍ക്ക് വന്ന പ്രശ്നങ്ങള്‍ എന്നൊന്നു ജഡ്ജസിനോട് ചോദിക്കാമെന്ന് കരുതി അവിടേക്ക് പോവുമ്പോള്‍ ദേ നില്‍ക്കുന്നു ഒരു പറ്റം നാട്ടുകാര്‍!
  "മാഷ്‌ ജഡ്ജസിനെ കാണാന്‍ പോവ്വാ ..ഞങ്ങളും വരുന്നു.ഇതങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?"
 ഒരു വിധം അവിടുന്ന് തടിയൂരി സ്കൂളില്‍ ചെന്നപ്പോഴേക്കും ജഡ്ജസ് അവര്‍ക്കുള്ള റൂമില്‍ എത്തിയിരുന്നു.ഞാന്‍ സഹപ്രവര്‍ത്തകനും ബാലുശ്ശേരിയിലെ പ്രസിദ്ധ നാടക രചയിതാവ്‌ എം.കെ .രവിവര്‍മ്മ മാഷിന്‍റെ മരുമകനും സര്‍വ്വോപരി ഒരു അഭിനേതാവുമായ പ്രവീണ്‍ വര്‍മ്മയെയും കൂട്ടി അവരുടെ അടുത്തെത്തി..കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ ഉരുണ്ടു കളി തുടങ്ങി.
  "നിങ്ങളുടെ നാടകത്തില്‍ കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധമായിരുന്നല്ലോ തീം.പക്ഷെ അത് കുറേക്കൂടി വിശദീകരിക്കേണ്ടിയിരുന്നു."
  "അപ്പൊ സാറെ ഇത് അര മണിക്കൂര്‍ കൊണ്ട് തീര്‍ക്കണ്ടേ?"എന്ന ചോദ്യത്തിന്  അതും ശരിയാ എന്നൊരു ഉരുളല്‍!കുറച്ചു കൂടി മോഡേണ്‍ ആവേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു മുന്‍ വര്‍ഷങ്ങളില്‍ മോഡേണ്‍ നാടകം കുട്ടികളോട് സംവദിക്കുന്നില്ലെന്ന ഒറ്റ കാരണം പറഞ്ഞു ഒന്നാം സ്ഥാനം നിഷേധിച്ച അനുഭവമായിരുന്നു ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
  അപ്പോഴാണ്‌ എവിടെ നിന്നോ ഞങ്ങളുടെ സഹപ്രവര്‍ത്തകനായ അനില്‍ മാഷ്‌ അവിടെയെത്തിയത്‌.(പരമ ശുദ്ധനാണെങ്കിലും ദേഷ്യം വന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ള കാര്യം പ്രസിദ്ധമാണ്)
 "ഞാനും നിങ്ങളെ കാണാന്‍ ഇരിക്കയായിരുന്നു.നിങ്ങള്‍ ഏതു വകുപ്പിലാ മാഷുംമാരെ കളിയാക്കിയ നാടകത്തിന് ഫസ്റ്റ്‌ കൊടുത്തത്?എങ്ങിനാ ചങ്ങാതിമാരെ ആണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാവുന്നത്?" കത്തിക്കയറിയ മാഷെ എങ്ങിനെയോ പറഞ്ഞയച്ച് ഞങ്ങളും താമസിയാതെ അവിടെ നിന്ന് പോന്നു.പോരുമ്പോള്‍ ഇത്രയും കൂടെ പറഞ്ഞു..
  "സാറെ ഞങ്ങളും കുറെ നാടകങ്ങള്‍ കാണുകയും അഭിനയിക്കുകയും അവതരിപ്പിക്കുകയും അതെ കുറിച്ച് കുറെയൊക്കെ മനസ്സിലാക്കുകയും ചെയ്തവരാണ് എന്ന കാര്യം ഒന്നോര്‍ക്കണം.നിങ്ങള്‍ പ്രൊഫഷണല്‍ ആണ് ഞങ്ങള്‍ അല്ല അത്രയെ ഉള്ളു"


  ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ഒന്നാമതായി നാടകം കളിക്കില്ല എന്ന് പറഞ്ഞ മാഷ്‌ നില്‍ക്കുന്നു.ജഡ്ജസ് എന്താ പറഞ്ഞത് എന്ന് ചോദിച്ച അദ്ദേഹത്തോട് ഞങ്ങളുടെ തെറ്റുകള്‍ പറഞ്ഞു തന്നു എന്ന് മറുപടി നല്‍കി."ഞങ്ങള്‍ക്കും പറഞ്ഞു തന്നു..നിങ്ങള്‍ക്ക് സി ഗ്രേഡ്‌ ആണല്ലേ ..ഞങ്ങള്‍ക്ക് ബി ഗ്രേഡ്‌ ആണ്"എന്നതിന്  "അത് നിങ്ങളുടെ  'നാടകം' കണ്ടപ്പോഴേ തോന്നി എന്ന് മറുപടിയും  നല്‍കി ഞാന്‍ ഇറങ്ങി നടന്നു......


   ഇനി നിങ്ങള്‍ തന്നെ പറ ആരുടെ നാടകത്തിനാ ഒന്നാം സമ്മാനം.......
   
    ജഡ്ജസിന്‍റെയോ  അധ്യാപകരുടെയോ  അതോ  പാവം  കുട്ടികളുടെയോ..????

Tuesday 30 November, 2010

ചില പാലങ്ങാടന്‍ വോളീബോള്‍ പെരുമകള്‍

                       ന്‍റെ നാട് എന്നത് ബ്ലോഗിത്തേഞ്ഞ  ഒരു പദമായിപ്പോയി എന്നറിയാം. എന്നാലും എല്ലാര്‍ക്കും എന്ന പോലെ എനിക്കും എന്‍റെ നാടിനെപ്പറ്റി എന്തേലുമൊക്കെ പറയാതിരിക്കാന്‍ വയ്യ.    
   എന്‍റെ നാടായ പാലങ്ങാട്ടെ  പൌര പ്രമുഖനായിരുന്നു  'പുല്ലാഞ്ഞോളി കോയക്ക' ഇദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഞങ്ങളുടെ നാട്ടിലെ ആദ്യ വോളീ ബോള്‍  ക്ലബ് തുടങ്ങുന്നത്.(കേട്ടറിവ് മാത്രമാണ് ഈയുള്ളവന്‍റെ കൈ മുതല്‍ -മാന്യ ചരിത്രകാരന്മാര്‍ ക്ഷമിക്കുക..) ഫൈറെറഴ്സ്  എന്ന ആ ക്ലബ്ബ് വോളീ ബോള്‍ പ്രാന്തന്മാരുടെ ഇടയില്‍ സൂപ്പര്‍  ഹിറ്റ്‌ ആയി!കാലങ്ങള്‍ കടന്നുപോയി ...പാലങ്ങാട് ഗംഗന്‍റെ നാട്ടില്‍ തീ പാറുന്ന മത്സരങ്ങളും പുത്തന്‍ താരോദയങ്ങളും കാണാന്‍ അന്നത്തെ തലമുറയ്ക്ക് അവസരങ്ങളും കിട്ടി.
                                പെട്ടെന്നാണ് ഒരു ടൂര്‍ണമെന്റ്റ്‌മായി ബന്ധപ്പെട്ടു  ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.അങ്ങിനെ കളി പ്രാന്തനായ  ആലികുഞ്ഞി മാഷിന്‍റെ നേതൃത്വത്തില്‍ "സൊപ്രാനോ" എന്ന പുതിയ ക്ലബ്ബ് ഉടലെടെത്തു. പിന്നെ രണ്ടു ക്ലബ്ബുകളും തമ്മില്‍ വാശിയേറിയ മത്സരങ്ങള്‍..അവര്‍ ഇരുവരും നടത്തുന്ന ടൂര്‍ണമെന്റ്റ്‌കള്‍..നാട്ടുകാര്‍ ഇരു ഭാഗത്തും അണി നിരന്നു.ഇന്ത്യയിലെ എല്ലാ പ്രശസ്തരുടെയും മികച്ച പ്രകടനങ്ങള്‍ക്ക് ഞങ്ങളുടെ നാട് സാക്ഷ്യം വഹിച്ചു.അന്നത്തെ വമ്പന്‍ താരങ്ങളുടെയും ക്ലബ്ബുകളുടെയുമൊക്കെ കളികള്‍ കാണാന്‍ അവസരം കിട്ടിയ ഭാഗ്യവാന്മാര്‍ പാടി നടന്ന വീരഗാഥകളില്‍ ജിമ്മിയുടെയും സുബ്ബണ്ണന്‍റെയുമൊക്കെ സ്മാഷുകള്‍ ആയിരുന്നു  നിറഞ്ഞു നിന്നത്.
      കാലം കടന്നു പോകെ രണ്ടു ക്ലബ്ബുകളും ഒരു പാട് വളര്‍ന്നു.സൊപ്രാനോ നാട്ടിലെ  ആദ്യത്തെ ടി. വി സ്വന്തമാക്കി.  ഫൈറെറഴ്സ് സ്വന്തം കോര്‍ട്ട് നിര്‍മിച്ചു, അധികം കഴിയുന്നതിനു മുന്‍പ് സൊപ്രാനോ  സ്വന്തമായി മിനി സ്റ്റേടിയം ഉണ്ടാക്കി.ആളുകളുടെ വാദങ്ങളും മറു വാദങ്ങളും ഏറി വരികയും ചെയ്തു.
      എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ കാര്യങ്ങളൊക്കെ എല്ലാ രംഗത്തുമെന്ന പോലെ കളിയിലും തല കീഴാവാന്‍ തുടങ്ങി...നിയമങ്ങള്‍ മാറി വന്ന വോളീബോളിനെ പഴയ പോലെ സ്നേഹിക്കാന്‍ ആളുകള്‍ക് മടിയായി..ഇത്തിരിപ്പോന്ന സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ക്രിക്കെറ്റ് പാടത്തെക്കും സ്കൂള്‍ മുറ്റത്തെക്കുമൊക്കെ ആഘോഷപൂര്‍വ്വം കൊടിയേറി.എന്നാലും രണ്ടു ക്ലബ്ബ്കളിലും വോളീബോള്‍ ഉള്ള കളിക്കാരെ വെച്ച് ഉള്ള കാണികള്‍ക്ക് മുന്‍പില്‍ ഇന്നും നടന്നു പോരുന്നു.
    ഇതിനിടയില്‍ കോയക്ക ദിവംഗതനായി..മാഷാകട്ടെ ഇനി കയ്യില്‍ അധികം കാശൊന്നും കളയാനില്ലാത്തതിനാലും അസോസിയേഷനുമായി തെറ്റിയതിനാലും ആയിരിക്കും കുറച്ചു പിന്‍വലിഞ്ഞു നില്‍ക്കുന്നു.എന്നാലും ഞങ്ങള്‍ നാട്ടുകാര്‍ ഏതു  ടൂര്‍ണമെന്റ്റ്‌ വന്നാലും ആദ്യം നോക്കുക രണ്ടു ടീമുകളും തമ്മിലുള്ള മത്സരമുണ്ടോ എന്നാണ്!ഉണ്ടെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ ക്രിക്കെറ്റ് മത്സരത്തെ തോല്പിക്കുന്ന ആവേശമാവും അവിടെ കാണുക!!           
       എന്തൊക്കെയായാലും  രാഘവന്‍ നായര്‍, കെടിസി ശ്രീനി, റെയില്‍വേ മുഹമ്മദ്‌, ഷിബു ...   (ആളുകള്‍ വീരാരാധനയോടെ  കണ്ടിരുന്ന ഞങ്ങളുടെ  സ്വന്തം ഷിബു പിന്നീട് നാട് വിട്ടു പോയി;എന്നെങ്കിലും മടങ്ങിയെത്തുന്നതും കാത്ത്‌ ഒരു പാട് പേര്‍ ഇപ്പോഴുമുണ്ട്. ജയന്‍റെ മരണ ശേഷം പരന്ന വാര്‍ത്തകളെ പോലെ ഷിബുവിനെയും പറ്റിയും  ധാരാളം കഥകള്‍...!.മറുനാട്ടിലെ ഏതോ ധനികന്‍ കളി കണ്ടു ഇഷ്ടപ്പെട്ടു കൂടെ കൂട്ടി എന്നും മറ്റും...)         
        ...തുടങ്ങി സ്റ്റേറ്റ് താരം ശ്രീഷ്, ജ്യോബിഷ് ,ടിറ്റാനിയം താരം ലത്തീഫ് തുടങ്ങിയവരിലെത്തി നില്കുന്നു പാലങ്ങാടന്‍ പെരുമ!.
      രണ്ടു പേരും തമ്മിലുള്ള ഒരു മത്സരത്തിനു കൂടെ കാതോര്‍ത്തു കൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ!

(ഒരു കാര്യം കൂടെ ..ഇത്രയും വായിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞങ്ങള്‍ നാട്ടുകാര്‍   ഇവര് കാരണം ചെറിയ ശത്രുതയിലാണെന്ന്! തെറ്റിദ്ധാരണ മാറ്റികൊള്ളൂ ഇത്രയും സൌഹാര്‍ദ്ദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന ജനങ്ങളെ നിങ്ങള്‍ക്ക്‌ എവിടെയെങ്കിലും കാണാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമാണ്.)    

Monday 8 November, 2010

അധ്യാപഹയരും അവസാനിക്കാത്ത ചര്‍ച്ചകളും


 ദേ പിന്നേം തുടങ്ങി ബേജാര്, എന്താപ്പം പറയാന്‍ പോവുന്നത് ന്നല്ലേ ?പണ്ട് ഇവരുടെ  സംസാരം മുഴുവന്‍ ഡി. എ ,പേ റിവിഷന്‍ ...ഒക്കെ ആയിരുന്നു എന്നതു ചന്ദ്രനില്‍  പോലും പാട്ടയിരുന്നല്ലോ !
ഇപ്പൊ വിദ്യാഭ്യാസ അവകാശ നിയമത്തെ പറ്റിയാ ചര്‍ച്ച!
അടുത്ത വര്‍ഷം നമ്മള്‍  എച്.എസ്.എ ക്കാരെ യു .പി.എസ്. എ ആക്കും  എന്നു ഒരു കൂട്ടര്‍ !(സ്കൂളിലെ താഴെ കിടയിലുള്ള -ജൂനിയേര്‍സ്‌- ആവശ്യക്കാര്‍ ) .........
(എന്നാലെങ്കിലും ബസ്സിന്‍റെ നടത്തിപ്പും പിള്ളേരെ പിടുത്തവും   മാനേജര്‍ നോക്കട്ടെന്നെ!)..
ജോലി കുറവാണെങ്കിലും ശമ്പളം കുറയാതിരുന്നാല്‍  മതീന്ന് വേറൊരാള്‍ !
 50 കഴിഞ്ഞവര്‍ക്ക്   ഇനി പുതിയ യോഗ്യതാ പരീക്ഷണങ്ങളൊന്നും വേണ്ടി വരില്ലായിരിക്കും എന്നൊരു കൂര്‍ക്കം  വലി!
 2 കൊല്ലം ശമ്പളത്തോടെ അവധി തന്നു ബംഗലൂരുവിലേക്ക് ഉപരി പഠനത്തിനയച്ചിരുന്നെങ്കില്‍ എന്ന് ഇളമുറക്കാരന്‍!  (മീശയൊക്കെ  ഡൈ അടിച്ചു ഒരു ബര്മൂടെം ടീഷര്‍ട്ടും ഇട്ടു അടിച്ചു പൊളിക്കാം (?) എന്നാവും!)
സ്കൂള് തന്നെ പോയാലും കുഴപ്പമില്ല ;ഇലക്ഷന്‍ ജോലിക്ക് പോവാന്‍ കഴിയണേ എന്നും പ്രിസയ്ടിംഗ് ഓഫീസര്‍ ചെറുപ്പക്കാരി തന്നെ ആവണമേ എന്നും  മണിയടിക്കാരന്‍ ചങ്ങാതി !
                     ഞാനല്ല മാനേജര്‍.. (കാശു വാങ്ങുമ്പോള്‍ ഒഴികെ !!! ) എന്ന് അശരീരി! .....................

.........ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമോ ..ആവോ.....?                    

                     (എട്ടാം ക്ലാസ് പോയാലും പാലും ചോറും ഉണ്ടാവുമോ എന്നതാണത്രേ ശരിക്കുള്ള ബേജാര് എന്നാണ് പര ദൂഷണ മൂലയില്‍ നിന്നുള്ള ലേറ്റസ്റ്റ്  ന്യൂസ്‌!!!)